---
title: "തിരികെ സ്‌കൂളില്‍ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു "
english_title: "Block level training was organized back in the school "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151502/block-level-training-was-organized-back-in-the-school"
published_at: "2023-10-06T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fc8d20ac78_1_asaratha.jpg"
keywords: []
---

# തിരികെ സ്‌കൂളില്‍ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **തിരികെ സ്‌കൂളില്‍ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **തിരികെ സ്‌കൂളില്‍ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു.

25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ കുടുംബശ്രീ പ്രവര്‍ത്തകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ സാധ്യതകള്‍ക്കനുസരിച്ച നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നതിന് വേണ്ടി കുടുംബശ്രീ മിഷന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രത്യേക കാമ്പയിനാണ് തിരികെ സ്‌ക്കൂളില്‍ എന്ന പരിപാടി.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രായവും പ്രയാസങ്ങളും മറന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായി മാറി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളില്‍ എത്തുകയാണ്.

കുടുംബശ്രീ അയല്‍ക്കൂട്ട സംവിധാനത്തെ കൂടുതല്‍ ചലനാത്മകമാക്കുക, അംഗങ്ങളില്‍ കൂട്ടായ്മയും ഒത്തൊരുമയും വര്‍ദ്ധിപ്പിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കുക, അയല്‍ക്കൂട്ടങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉപജീവന മേഖയിലേക്ക് ശ്രദ്ധ നല്‍കുന്നതിന് പ്രാപ്തരാക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെകുറിച്ച് അറിവ് നല്‍കുക എന്നിവയിലൂടെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയാണ് തിരികെ സ്‌ക്കൂളിലേക്ക് പരിപാടിയുടെ ലക്ഷ്യം.

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ അവധി ദിവസങ്ങളില്‍ വിദ്യാലയങ്ങളില്‍ വെച്ചാണ് പരിശീലനം നടക്കുക. പരിശീലനത്തിന് സംസ്ഥാനത്ത് 15000 ല്‍ പരം കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം ലഭിക്കും. ഉച്ചഭക്ഷണവും കുടിവെള്ളം സ്നാക്സ്, സ്‌ക്കൂള്‍ ബാഗ്, യൂണീഫോം എന്നിവയുമായാണ് സ്‌ക്കൂളില്‍ വരുക. ഇതിന് മുന്നോടിയായാണ് ബ്ലോക്ക് പരിധിയിലെ എഡിഎസ് തല പരിശീലനം നടത്തുന്നത്.

അസംബ്ലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലന പരപാടിയുടെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.പി. സോണിമ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷിജി കൊട്ടറക്കല്‍ ശുചിത്വ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. തിരികെ സ്‌ക്കൂള്‍ പഞ്ചായത്ത് തല കോഡിനേറ്റര്‍ സി. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.എം. കുഞ്ഞിക്കണ്ണന്‍, പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പി.കെ.രജിത, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.കെ. ശോഭ എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ പരിശീലകന്‍ ഇ.ടി. അനില്‍, ജെന്റര്‍ ആര്‍പിമാരായ ശോഭ, അനുശ്രീ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151502/block-level-training-was-organized-back-in-the-school)