---
title: "ജല ബജറ്റില്‍ നിന്ന് ജലസുരക്ഷയിലേക്ക്; പേരാമ്പ്ര ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു "
english_title: "From Water Budget to Water Security; Perambra block head workshop organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151543/from-water-budget-to-water-security-perambra-block-head-workshop-organized"
published_at: "2023-10-06T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ജല ബജറ്റില്‍ നിന്ന് ജലസുരക്ഷയിലേക്ക്; പേരാമ്പ്ര ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ജല ബജറ്റില്‍ നിന്ന് ജലസുരക്ഷയിലേക്ക് പേരാമ്പ്ര ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ജല ബജറ്റില്‍ നിന്ന് ജലസുരക്ഷയിലേക്ക് പേരാമ്പ്ര ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു.

ജല ബജറ്റില്‍ നിന്ന് ജല സുരക്ഷയിലേക്ക് പേരാമ്പ്ര ബ്ലോക്ക് തല ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍. പി ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ കെ സ്വാഗതം പറഞ്ഞ യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.കെ പാത്തുമ്മ അധ്യക്ഷയായി.

കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ ബിജു  ജല ബജറ്റിനെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. പ്രാദേശിക തലത്തില്‍ ഓരോ ചെറു കാലയളവുകളിലേയും ജലലഭ്യതയും ജല ഉപയോഗവും പൊരുത്തപ്പെടുന്നതിനായി തദ്ദേശസ്ഥാപനതലത്തില്‍ ഉണ്ടാക്കുന്ന രേഖയാണ് ജല ബജറ്റ്.

വരള്‍ച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്ന ജല ബജറ്റ്.

സി ഡബ്ലിയു ആര്‍ ഡി എം ന്റെയും ജലവിഭവ വകുപ്പിന്റെയും സാങ്കേതിക പിന്തുണയില്‍ നടപ്പിലാക്കുന്ന ജല ബജറ്റ് പേരാമ്പ്ര ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാനായി തീരുമാനിച്ചു. തന്മൂലം ഈ വര്‍ഷത്തെ മഴക്കുറവും അതുമൂലം ഉണ്ടാവാന്‍ ഇടയുള്ള രൂക്ഷമായ വരള്‍ച്ചയും പ്രതിരോധിക്കാന്‍ സാധിക്കും.

ജല ബജറ്റിന്റെ പ്രാധാന്യം , സ്ഥാപനങ്ങളിലെ ജല ബജറ്റ് നടപ്പിലാക്കുന്നതിന്റെ രീതിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന, ടെക്‌നിക്കല്‍ അസിസ്റ്റന്റ്  വിവേക്, വിനോദ് എന്നിവര്‍ ക്ലാസ്സെടുത്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ്, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി.കെ ശശി, നൊചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.എന്‍ ശാരദ, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സഫ ഫര്‍ഹിന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151543/from-water-budget-to-water-security-perambra-block-head-workshop-organized)