---
title: "ജീവിതം മുഴുവന്‍ പ്രകൃതിക്കായി ഉഴിഞ്ഞുവെച്ച പച്ച മനുഷ്യന്‍ "
english_title: "A green man who dedicated his whole life to nature"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153176/a-green-man-who-dedicated-his-whole-life-to-nature"
published_at: "2023-10-13T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528dae642e76_1_shobhi.JPG"
keywords: []
---

# ജീവിതം മുഴുവന്‍ പ്രകൃതിക്കായി ഉഴിഞ്ഞുവെച്ച പച്ച മനുഷ്യന്‍ 

> **Lead Summary:** ‍ പേരാമ്പ്ര: ജീവിതം മുഴുവന്‍ പ്രകൃതിക്കായി ഉഴിഞ്ഞുവെച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു പ്രൊഫ ടി. ശോഭീന്ദ്രന്‍. പ്രകൃതിയോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയാണ് ഈ പച്ച മനുഷ്യന്‍ മടങ്ങിയത്.

## Article Content

‍ പേരാമ്പ്ര: ജീവിതം മുഴുവന്‍ പ്രകൃതിക്കായി ഉഴിഞ്ഞുവെച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു പ്രൊഫ ടി. ശോഭീന്ദ്രന്‍. പ്രകൃതിയോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയാണ് ഈ പച്ച മനുഷ്യന്‍ മടങ്ങിയത്.

പ്രകൃതിക്ക് ഇണങ്ങാത്തതൊന്നും ശോഭീന്ദ്രന്റ ജീവിതത്തിലുണ്ടായിരുന്നില്ല. ഉടുത്തിരുന്ന വസ്ത്രം പോലും പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു. ഏഴര പതിറ്റാണ്ടോളം പ്രകൃതിക്കൊപ്പം അലിഞ്ഞു നടന്നൊരാളാണ് ശോഭീന്ദ്രന്‍.

ബംഗളൂരുവിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റ തുടക്കം. മൂന്നു വര്‍ഷത്തിനുശേഷം പഠിച്ച കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജില്‍ തന്നെ പഠിപ്പിക്കാനെത്തി. ഇക്കണോമിക്‌സായിരുന്നു വിഷയമെങ്കിലും പകര്‍ന്നതധികവും പ്രകൃതി പാഠങ്ങളായിരുന്നു.

32 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം ഗുരുവായൂരപ്പന്‍ കോളജ് സാമ്പത്തിക ശാസ്ത്രം വിഭാഗം മേധാവിയായാണ് അദേഹം വിരമിച്ചത്. 2002 ല്‍ പടിയിറങ്ങിയ ശോഭീന്ദ്രന്‍ ശിഷ്ടജീവിതം പൂര്‍ണമായും പ്രകൃതിക്കായി നീക്കിവെച്ചു.

കോഴിക്കോട്ടെ തണല്‍ മരങ്ങളില്‍ അധികവും മനുഷ്യ കൂട്ടായ്മകള്‍ രൂപീകരിച്ച് അദേഹം നട്ടതാണ്. വയനാട്ടിലെ വന്യജീവി സങ്കേതങ്ങളില്‍ കാട്ടുമൃഗങ്ങള്‍ക്കു വെള്ളം കുടിക്കാനായി കുളങ്ങളും തടയണകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു.

2007 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ദിര പ്രിയദര്‍ശി വൃക്ഷമിത്ര അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ഉള്‍പ്പടെ വേറെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം നേഷനല്‍ ഫോറസ്റ്റേഷന്‍ ആന്‍ഡ് ഇക്കോ ഡവലപ്‌മെന്റ്  ബോര്‍ഡ് കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചു. ഗ്രീന്‍ വേള്‍ഡിന്റെ ശില്പിയാണ് പ്രൊഫ ടി. ശോഭീന്ദ്രന്‍.

1986 ല്‍ ജോണ്‍ ഏബ്രഹാം സിനിമയില്‍ അഭിനയിച്ച ശോഭീന്ദ്രന്‍ പില്‍ക്കാലത്ത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകത്തിലൂടെ ആ ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതം വരച്ചിട്ടു. ഷട്ടര്‍, അമ്മ അറിയാന്‍ം അരക്കിറുക്കന്‍, കൂറ എന്നീ സിനിമകളിലും അഭിനയിച്ചു.

കോഴികോട്ടുകാരുടെ പ്രിയപ്പെട്ട പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തനും അധ്യാപകനുമായ പ്രൊഫ: ടി ശോഭീന്ദ്രന്റ മരണം ഇന്നലെ രാത്രി 11.10 ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു. 76 വയസായിരുന്നു. മൂന്നു ദിവസമായി അദേഹം ചികിത്സയിലായിരുന്നു.

ഭാര്യ: പ്രൊഫ. എം.സി. പത്മജ. മക്കള്‍: ബോധി കൃഷ്ണ (അസി പ്രഫ. ഫാറൂഖ് കോളജ്), ധ്യാന്‍ ദേവ് (ഐസിഐസിഐ). മരുമക്കള്‍: ദീപേഷ് കരിമ്പുകര (അസി. പ്രഫ. എസ്എന്‍ കോളജ് ചേളന്നൂര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153176/a-green-man-who-dedicated-his-whole-life-to-nature)