---
title: "രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരം ജെ.എസ് ജെസിക്ക് "
english_title: "Ravi Areekkal Memorial Talent Award to JS Jassi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153490/ravi-areekkal-memorial-talent-award-to-js-jassi"
published_at: "2023-10-14T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a2cb4c278a_1_jassi.JPG"
keywords: []
---

# രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരം ജെ.എസ് ജെസിക്ക് 

> **Lead Summary:** **പേരാമ്പ്ര:** രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരം ജെ.എസ് ജെസിക്ക് ലഭിച്ചു.

## Article Content

**പേരാമ്പ്ര:** രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരം ജെ.എസ് ജെസിക്ക് ലഭിച്ചു.

ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സ്ഥാപക അംഗവും സാമൂഹികപ്രവര്‍ത്തകനും, അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ മൂന്നാമത് രവി അരീക്കല്‍ സ്മാരക പ്രതിഭ പുരസ്‌കാരത്തിനാണ് ജെ.എസ് ജെസി അര്‍ഹയായത്.

കായിക രംഗത്തെയും ഫുട്‌ബോള്‍ മേഖലയിലേയും നേട്ടങ്ങള്‍ കണക്കില്‍ എടുത്താണ് പുരസ്‌കാരം നല്‍കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സബ് ജില്ലാ - ജില്ലാ തല സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ജെസി വിജയം നേടിയിട്ടുണ്ട്.

5-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് സെലക്ഷന്‍ ലഭിക്കുകയും തുടര്‍ന്ന് പ്ലസ്ടു വിദ്യാഭ്യാസം വരെയുള്ള പഠനം തിരുവനന്തപുരത്ത് ആയിരുന്നു.

ഫുട്‌ബോള്‍ കളിയില്‍ നടത്തിയ പ്രകടനം മനസ്സിലാക്കി കായിക അധ്യാപകന്റെ നിര്‍ദേശപ്രകാരം ഈ മേഖലയിലുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് സുബ്രതോ കപ്പ്, ജില്ലാ മത്സരങ്ങള്‍, സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവയില്‍ തിരുവനന്തപുരം ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞു.

2022-23 വര്‍ഷത്തെ 64 - മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ തിരുവനന്തപുരം ജില്ലാ ടീമില്‍ അംഗം ആയിരുന്നു ജെസി. സംസ്ഥാന ജൂനിയര്‍ വനിതാ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. റിലൈന്‍സ് ഫൌണ്ടേഷന്‍ നടത്തിയ യൂത്ത് സ്‌പോര്‍ട്‌സ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

ജെസി ഇപ്പോള്‍ പാലക്കാട് മേഴ്‌സി കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കോളേജ് ഫുട്‌ബോള്‍ ടീം അംഗമായ ജെസി കഴിഞ്ഞദിവസം കാസര്‍ഗോഡ് വെച്ച് നടന്ന 25 മത് സീനിയര്‍ വനിതാ ഇന്റര്‍ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാള്‍ ചാമ്പിയന്‍ഷിപ്പില്‍ പാലക്കാട് ജില്ലക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു.

കഠിനാ ധ്വാനത്തിലൂടെയാണ് നമ്മുടെ നാടിന്റെ അഭിമാനമായ ഈ മിടുക്കി നേട്ടങ്ങള്‍ കൊയ്‌തെടുത്തത്. ആവള കുട്ടോത്ത് തേക്കില്‍ സുനില്‍ കുമാറിന്റെയും ജാനുവിന്റെയും മകളാണ്.

ഒക്ടോബര്‍ 19 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന രവി അരീക്കല്‍ അനുസ്മരണ പരിപാടിയില്‍ വെച്ച് മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജെസിക്ക് സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153490/ravi-areekkal-memorial-talent-award-to-js-jassi)