---
title: "ഉദ്ഘാടനത്തിനൊരുങ്ങി ലോകനാര്‍കാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസ് "
english_title: "Loknarkav Tourist Rest House ready for inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/153775/loknarkav-tourist-rest-house-ready-for-inauguration"
published_at: "2023-10-15T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b82e4a3e32_000_8_chinmaya.JPG"
keywords: []
---

# ഉദ്ഘാടനത്തിനൊരുങ്ങി ലോകനാര്‍കാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസ് 

> **Lead Summary:** സംസ്ഥാന സര്‍ക്കാര്‍ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര മേമുണ്ട ലോകനാര്‍കാവ് ക്ഷേത്രത്തില്‍ നിര്‍മിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

## Article Content

സംസ്ഥാന സര്‍ക്കാര്‍ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര മേമുണ്ട ലോകനാര്‍കാവ് ക്ഷേത്രത്തില്‍ നിര്‍മിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

വടക്കേ മലബാറിന്റെ തീര്‍ഥാടന ടൂറിസം ഭൂപടത്തില്‍ സുപ്രധാന സ്ഥാനമുള്ള ലോകനാര്‍ക്കാവ് ക്ഷേത്രത്തിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസിന്റെയും കളരി പരിശീലന കേന്ദ്രത്തിന്റെയും പ്രവൃത്തിയാണ് പൂര്‍ത്തിയായത്.

ലോകനാര്‍കാവിലെത്തുന്ന തീര്‍ഥാടന സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസില്‍ 14 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന മുറികള്‍, ശീതീകരിച്ച മുറികള്‍, ഡോര്‍മിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതില്‍ എന്നിവയാണുള്ളത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്.

ലോകനാര്‍കാവിന്റെ പേരും പെരുമയും കേട്ടറിഞ്ഞ് എത്തുന്നവര്‍ക്ക് സൗകര്യങ്ങളുടെ അഭാവം പ്രശ്നമായിരുന്നു. 2010ല്‍ അന്നത്തെ ടൂറിസം, ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശിലാസ്ഥാപനം നടത്തിയതോടെയാണ് ലോകനാര്‍കാവിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

ഇവിടെ മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടില്‍ കൊട്ടാരം പുതുക്കിപ്പണിയില്‍ തുടങ്ങിയ പ്രവൃത്തികളുടെ നടപടികളും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/153775/loknarkav-tourist-rest-house-ready-for-inauguration)