---
title: "ഞങ്ങളെ രക്ഷിക്കരുത് ഞങ്ങള്‍ പ്രകാശേട്ടന്റെ അടുത്തേക്ക് പോകുകയാണ് "
english_title: "Do not save us. We are going to Prakasheattan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15413/do-not-save-us-we-are-going-to-prakasheattan"
published_at: "2021-12-10T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b30bfba9841_00000000  NEW CARD copy.JPG"
keywords: []
---

# ഞങ്ങളെ രക്ഷിക്കരുത് ഞങ്ങള്‍ പ്രകാശേട്ടന്റെ അടുത്തേക്ക് പോകുകയാണ് 

> **Lead Summary:** **പേരാമ്പ്ര:** നാടിനെ നടുക്കി മുളിയങ്ങലിലെ കൂട്ട ആത്മഹത്യ ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ വിയോഗം. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പ്രിയയും കുട്ടികളും പ്രകാശനും തമ്മില്‍ കടുത്ത ആത്മബന്ധത്തിലായിരുന്നു.

## Article Content

**പേരാമ്പ്ര:** നാടിനെ നടുക്കി മുളിയങ്ങലിലെ കൂട്ട ആത്മഹത്യ ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ വിയോഗം. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പ്രിയയും കുട്ടികളും പ്രകാശനും തമ്മില്‍ കടുത്ത ആത്മബന്ധത്തിലായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 4ന് പ്രകാശന്‍ പെട്ടെന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ അടുത്ത സുഹൃത്തുകളോടും മറ്റും ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന് പറയുമായിരുന്നു.

മക്കള്‍ക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കെയും പ്രിയ എല്ലാവരോടുമായ് പറഞ്ഞതുമിതാണ് ഞങ്ങളെ രക്ഷിക്കരുത് ഞങ്ങള്‍ പ്രകാശേട്ടന്റെ അടുത്തേക്ക് പോകുകയാണെന്നാണ്. കുട്ടികള്‍ മരിച്ചത് ആശുപത്രിയില്‍ വെച്ച് അറിയിച്ചപ്പോഴും പ്രിയ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

കരുതികൂട്ടിയുള്ള ആത്മഹത്യയെന്ന് തന്നെ പറയാം. വിവരം മൂത്ത മകള്‍ പുണ്യയോട് പറഞ്ഞിരുന്നതായും എന്നാല്‍ പാറൂട്ടി (നിവേദ്യ)യോട് ഒന്നും പറഞ്ഞില്ലെന്നും ആശുപത്രിയില്‍ കൂടെ പോയ അയല്‍വാസിയോട് പ്രിയ പറഞ്ഞു. തലേ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങല്‍ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകള്‍ രക്ഷിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നെന്ന് കരുതുന്നു.

രാത്രി പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത കുട്ടിയുമായ് പ്രിയ മാറികിടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് കുട്ടികളുടെ കരച്ചില്‍ കേട്ട് ഓമനമ്മയാണ് പ്രിയയെയും കൂട്ടികളെയും തീപൊള്ളലേറ്റ് കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ട് നാട്ടുകാരും അയല്‍വാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേര്‍ത്ത് പിടിച്ചതായ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മൂവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂത്തകുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. മകള്‍ മരിച്ചതറിഞ്ഞിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ കിടന്ന പ്രിയ തങ്ങളെ രക്ഷിക്കരുതെന്ന് ഇടക്കിടെ പറയുന്നുണ്ടായിരുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ ഇളയകുട്ടിയും മരണത്തിന് കീഴടങ്ങി.

തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പില്‍ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിക്കും. പുണ്യ തീര്‍ത്ഥ നൊച്ചാട് ഹയര്‍ സെക്കന്ററി സകൂള്‍ വിദ്യാര്‍ത്ഥിയാണ്.

നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ തിരുപ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍ വിജയ, ഉഷ, ജയ, ബിജിലേഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15413/do-not-save-us-we-are-going-to-prakasheattan)