---
title: "ആയൂര്‍വേദ ഫാര്‍മസി ബിരുദം രജിസ്റ്റര്‍ ചെയ്യാന്‍ കൗണ്‍സില്‍ ഇല്ല; ആയൂര്‍വേദ ബിഫാം ബിരുദധാരികള്‍ "
english_title: "Council does not have to register a degree in Ayurvedic Pharmacy; Ayurveda B.Pharm graduates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15427/council-does-not-have-to-register-a-degree-in-ayurvedic-pharmacy-ayurveda-bpharm-graduates"
published_at: "2021-12-10T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3197043e14_WATER MARK.JPG"
keywords: []
---

# ആയൂര്‍വേദ ഫാര്‍മസി ബിരുദം രജിസ്റ്റര്‍ ചെയ്യാന്‍ കൗണ്‍സില്‍ ഇല്ല; ആയൂര്‍വേദ ബിഫാം ബിരുദധാരികള്‍ 

> **Lead Summary:** **കോഴിക്കോട്:** ആയൂര്‍വേദ ഫാര്‍മസിയില്‍ നാലു വര്‍ഷത്തെ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും ബിരുദം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത് ആയൂര്‍വേദ ബിഫാം ബിരുദധാരികള്‍ക്ക് തിരിച്ചടിയാവുന്നു. ഫാര്‍മസി കൗണ്‍സില്‍ പോലെ ആയൂര്‍വേദ ഫാര്‍മസി കൗണ്‍സില്‍ ഇല്ലാത്തതാണ് ഇതിനു കാരണം.

## Article Content

**കോഴിക്കോട്:** ആയൂര്‍വേദ ഫാര്‍മസിയില്‍ നാലു വര്‍ഷത്തെ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും ബിരുദം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത് ആയൂര്‍വേദ ബിഫാം ബിരുദധാരികള്‍ക്ക് തിരിച്ചടിയാവുന്നു. ഫാര്‍മസി കൗണ്‍സില്‍ പോലെ ആയൂര്‍വേദ ഫാര്‍മസി കൗണ്‍സില്‍ ഇല്ലാത്തതാണ് ഇതിനു കാരണം.

ആയൂര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിച്ചിട്ടില്ല. വിവിധ സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും വിജയിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ രജിസ്‌ട്രേഷന്‍ ഇല്ലാതായി. പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ആയുഷ് ഫാര്‍മസി കൗണ്‍സില്‍ കൊണ്ടു വരാനുള്ള നടപടി ഉണ്ടായിട്ടില്ല.

ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം ബിരുദ ധാരികളെ ജോലി ലഭിക്കുന്നതിനായി അതത് ആയുര്‍വേദ, യുനാനി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. അതേ സമയം ഈ രജിസ്‌ട്രേഷന്‍ ഏതെങ്കിലും പ്രത്യേക ഫാര്‍മസി കൗണ്‍സില്‍ നിയമത്തെ അടിസ്ഥാനമാക്കിയല്ല. രജിസ്ട്രഷന്‍ ഇല്ലാത്തതിനാല്‍ ആയുര്‍വേദ ഫാര്‍മസി മേഖലയിലെ തസ്തികകള്‍ മുഴുവന്‍ ആയുര്‍വേദ ഡോക്ടര്‍മാരാണ് കൈകാര്യം ചെയ്യുന്നത്.

മെഡിക്കല്‍ കൗണ്‍സില്‍, നഴ്‌സിങ് കൗണ്‍സില്‍, ഫാര്‍മസി കൗണ്‍സില്‍, പാരാമെഡിക്കല്‍ കൗണ്‍സില്‍ എന്നിങ്ങനെ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപവത്ക്കരിച്ച കൗണ്‍സിലിന്‍ തങ്ങള്‍ക്കും വേണമെന്നാണ് ബിഫാം ആയൂര്‍വേദ ബിരുദ ധാരികളുടെ ആവശ്യം. പറശ്ശിനിക്കടവിലെ എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളെജില്‍ മാത്രമാണ് ഇപ്പോള്‍ ആയൂര്‍വേദ ബിഫാം കോഴ്‌സ് ഉള്ളത്. ഇന്ത്യയിലൊട്ടാകെ 450 ല്‍ അധികം ബിരുദ ധാരികളും 150 ബിരുദാനന്തര ബിരുദ ധാരികളും ഉണ്ട്. സംസ്ഥാനത്തെ ബിഫാം ആയൂര്‍വേദ ബിരുദ ധാരികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. അലോപ്പതി സമ്പ്രദായത്തിന്റെ മാതൃകയില്‍ ആയൂര്‍വേദ മരുന്ന് വ്യാപനം തുടങ്ങുന്നതിന് ഡ്രഗ് ലൈസന്‍സും രജിസ്േട്രഷന്‍ ഫാര്‍മസിസ്റ്റിന്റെ സാനിധ്യവും നിര്‍ബന്ധമാക്കണമെന്നാണ് ആയൂര്‍വേദ ബിഫാം ബിരുദധാരികളുടെ ആവശ്യം.

ആയൂര്‍വേദ ഫാര്‍മസി കൗണ്‍സിലിന് രൂപം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളെജ് ഡയറക്ടര്‍ ഇ. കുഞ്ഞിരാമന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15427/council-does-not-have-to-register-a-degree-in-ayurvedic-pharmacy-ayurveda-bpharm-graduates)