---
title: "ഓണ്‍ലൈന്‍ നിയമനം അട്ടി: പെരുവച്ചേരി സ്‌കൂള്‍ ഉപരോധിച്ച് രക്ഷിതാക്കള്‍ "
english_title: "Online recruitment botched: Parents boycott Peruvacchery school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/154895/online-recruitment-botched-parents-boycott-peruvacchery-school"
published_at: "2023-10-18T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530017195758_000_8_chinmaya.JPG"
keywords: []
---

# ഓണ്‍ലൈന്‍ നിയമനം അട്ടി: പെരുവച്ചേരി സ്‌കൂള്‍ ഉപരോധിച്ച് രക്ഷിതാക്കള്‍ 

> **Lead Summary:** **നടുവണ്ണൂര്‍:** ഓണ്‍ലൈന്‍ നിയമനത്തെ അട്ടിമറിച്ച് മറ്റൊരു വഴിയിലൂടെ നിയമനം നടത്തിയ കോഴിക്കോട് ഡി .ഡി.യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞു വിടാതെ രക്ഷിതാക്കള്‍ എത്തി സ്‌കൂള്‍ ഉപരോധിച്ചു.

## Article Content

**നടുവണ്ണൂര്‍:** ഓണ്‍ലൈന്‍ നിയമനത്തെ അട്ടിമറിച്ച് മറ്റൊരു വഴിയിലൂടെ നിയമനം നടത്തിയ കോഴിക്കോട് ഡി .ഡി.യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞു വിടാതെ രക്ഷിതാക്കള്‍ എത്തി സ്‌കൂള്‍ ഉപരോധിച്ചു.

പേരാമ്പ്ര ഉപജില്ലയിലെ പെരുവച്ചേരി ഗവ: എല്‍ പി സ്‌കൂളിലാണ് രക്ഷിതാക്കള്‍ പ്രതിഷേധാവുമായി രംഗത്തെത്തിയത്. വാര്‍ഡ് മെംമ്പര്‍ കെ.പി .മനോഹരന്‍ വിളിച്ചതിനെ തുടര്‍ന്ന് എ ഇ ഒ ബിനോയ് കുമാര്‍ പ്രധാന അധ്യാപകന്‍ ഷിനിദുമായും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.

ഇതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രക്ഷിതാക്കള്‍ കോഴിക്കോട് ഡി ഡി ഇ യ്ക്കും കളക്ടര്‍ക്കും എ ഇ ഒക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഉപരോധത്തിനിറങ്ങിയത്.

മാനേജ്‌മെന്റ് സ്‌കൂളിനെ സംരക്ഷിക്കാന്‍ വേണ്ടി ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് രക്ഷിതാക്കളുടെ തീരുമാനം.

സ്ഥലംമാറ്റ ഉത്തരവ് പലതവണ റദ്ദാക്കിയതിനാല്‍ സ്‌കൂളില്‍ ജൂണ്‍ മാസത്തില്‍ ക്ലാസുകള്‍ വേണ്ട രീതിയില്‍ നടന്നിട്ടില്ല. തുടര്‍ന്ന് വീണ്ടും ഓഗസ്റ്റില്‍ സ്ഥലമാറ്റ ഉത്തരവ് ഇറക്കിയെങ്കിലും അത് പ്രകാരം ഓണ്‍ലൈന്‍ സ്ഥലമാറ്റ അപേക്ഷയില്‍ നിന്ന് പെരുവച്ചേരി സ്‌കൂളിലേയ്ക്ക് അധ്യാപകരെ നിയമിച്ചിട്ടില്ല.

ഇപ്പോള്‍ ഇവിടെ ഒന്നാം ക്ലാസില്‍ ജോലി ചെയ്യുന്ന അധ്യാപിക ഓണ്‍ലൈന്‍ സ്ഥലമാറ്റ ഉത്തരവിലുടെ നിയമനം നേടി എത്തിയതല്ല. പരസ്പര സമ്മതത്തോടെയുള്ള സ്ഥലമാറ്റമാണോ അച്ചടക്ക നടപടിയിലൂടെയുള്ള സ്ഥലമാറ്റം ആണോ നടന്നതെന്ന കാര്യത്തില്‍ യാതോരു വ്യക്തതയും ആ അധ്യാപികയുടെ സ്ഥലമാറ്റ ഓര്‍ഡറില്‍ കാണുന്നില്ല.

ഇങ്ങനെ പല സ്‌കൂളുകളില്‍ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയ ടീച്ചറെയാണ് ഇവിടെ ഒന്നാം ക്ലാസില്‍ നിയമിച്ചത്. അതിനാല്‍ കുട്ടികള്‍ക്ക് ആവശ്യമായ യാതൊരു പ0ന പ്രവര്‍ത്തനങ്ങളും നല്‍കുന്നില്ല.

ഇതില്‍ പ്രതിഷേധിച്ചാണ് ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ഉപരോധം നടത്തിയത്. ഉപരോധത്തിന് എന്‍ ഉമേഷ് , അശ്വതി ദീലീപ്, നീഷ്മ ബിജു, ശോഭാ സുരേഷ്, നീതുവിവേക്, പി .മുഹസിന, കെ നിമ്മി, വി പ്രസീന , ഇ .ടി അതുല്ല്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ വിഷയത്തില്‍ പരിഹാരം കാണുന്നതിനുവേണ്ടി രക്ഷിതാക്കള്‍ മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/154895/online-recruitment-botched-parents-boycott-peruvacchery-school)