---
title: "പൂഴിത്തോട്-പടിഞ്ഞറത്തറ വയനാട് ബദല്‍ റോഡ്; ബഹുജന കണ്‍വെന്‍ഷന്‍ ഇന്ന് "
english_title: "Puzhithode-Padinjarathara Wayanad Alternative Road; The mass convention will be held today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155350/puzhithode-padinjarathara-wayanad-alternative-road-the-mass-convention-will-be-held-today"
published_at: "2023-10-20T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65320e0dc13f8_1_road2222.jpg"
keywords: []
---

# പൂഴിത്തോട്-പടിഞ്ഞറത്തറ വയനാട് ബദല്‍ റോഡ്; ബഹുജന കണ്‍വെന്‍ഷന്‍ ഇന്ന് 

> **Lead Summary:** ** പേരാമ്പ്ര: **പൂഴിത്തോട്-പടിഞ്ഞറത്തറ വയനാട് ബദല്‍ റോഡിനായി ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **പൂഴിത്തോട്-പടിഞ്ഞറത്തറ വയനാട് ബദല്‍ റോഡിനായി ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1994 ല്‍ സംസ്ഥാന ബഡ്ജറ്റില്‍ ഫണ്ടനുവദിച്ച് പ്രവര്‍ത്തനമാരംഭിച്ച പൂഴിത്തോട്-വയനാട് ബദല്‍ റോഡ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിലച്ച് പോയതെന്നും, ഇപ്പോള്‍ വികസനാവശ്യങ്ങള്‍ക്ക് വനം വിട്ടു നല്‍കുന്ന സാഹചര്യത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലാവശ്യപ്പെട്ടു കൊണ്ടാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

വയനാട്, കോഴിക്കോട് എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്‍ കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

യാത്രാ ദുരിതവും ബ്ലോക്കും കാരണം പൊറുതി മുട്ടുന്ന വയനാട് യാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ റോഡാണിത്. 30 വര്‍ഷം മുന്‍പ് ഈ റോഡിന് വേണ്ടി ഭൂമി വിട്ടുകൊടുത്തവര്‍ നിരവധിപേരാണ്.

റോഡിനാവശ്യമായ ഫോറസ്റ്റ് വക 52 ഏക്കര്‍ ഭൂമിക്ക് പകരം പടിഞ്ഞാറത്തറ പഞ്ചായത്ത് 52 ഏക്കറും ചക്കിട്ടപ്പാറ പഞ്ചായത്ത് 52 ഏക്കറും, ചങ്ങരോത്ത് പഞ്ചായത്ത് 104 ഏക്കര്‍ ഭൂമിയും ഫോറസ്റ്റിന് വിട്ടു നല്‍കിയിട്ടുണ്ട്. ഈ റോഡില്‍ 11 കി.മീ കൂടി മാത്രമാണ് പുതുതായി നിര്‍മ്മിക്കാനുള്ളത്.

6 മാസം കൊണ്ട് റോഡ് പണി പൂര്‍ത്തിയാക്കാനാവുമെന്നും 1994ല്‍ ഈ റോഡിന്റെ ചിലവ് 300 കോടിയാണ് കണക്കാക്കിയിരുന്നതെന്നും കെ. സുനില്‍ ചൂണ്ടിക്കാട്ടി. ചുരമില്ലാതെ എളുപ്പത്തിലും, ചിലവ് കുറഞ്ഞതും, ചുരുങ്ങിയ സമയത്തിനുള്ളിലും നിര്‍മ്മിക്കാവുന്ന ഈ റോഡിന് പരിഗണന നല്‍കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, ഇ.എം. ശ്രീജിത്ത്, വിനീഷ ദിനേശന്‍, കെ. ജോസുട്ടി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155350/puzhithode-padinjarathara-wayanad-alternative-road-the-mass-convention-will-be-held-today)