---
title: "മേപ്പയ്യൂരിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും "
english_title: "The Sports Facilitation Center at Mepayyur will be dedicated to the nation tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155566/the-sports-facilitation-center-at-mepayyur-will-be-dedicated-to-the-nation-tomorrow"
published_at: "2023-10-20T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653294bd16ee0_000_8_chinmaya.JPG"
keywords: []
---

# മേപ്പയ്യൂരിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും 

> **Lead Summary:** **മേപ്പയ്യൂര്‍:** ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍. കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും.

## Article Content

**മേപ്പയ്യൂര്‍:** ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍. കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ സ്പോര്‍ട്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയത്.

ആറുവരിയുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവയാണ് ഫെസിലിറ്റേഷന്‍ സെന്ററിലുള്ളത്. കൂടാതെ മൂന്നു നിലകളിലായി മള്‍ട്ടി ജിം, ഇന്‍ഡോര്‍ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയുമുണ്ട്.

2019 നവംബറിലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയുടെ നിയന്ത്രണത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയത്.

പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി നേരത്തെ മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉര്‍ത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് ഒരുക്കിയത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നിലവില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ചടങ്ങില്‍ സംസ്ഥാന വിദ്യാലയ മികവ് പുരസ്‌കാര വിതരണവും കായക പ്രതിഭകള്‍ക്കുള്ള അനുമോദനവും മന്ത്രി നിര്‍വഹിക്കും. കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാകും.

യു.എസ്.എസ് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും വി.എച്ച്.എസ്.ഇ ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തും നിര്‍വഹിക്കും.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155566/the-sports-facilitation-center-at-mepayyur-will-be-dedicated-to-the-nation-tomorrow)