---
title: "തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മെഷീനുമായി എംഐയുപി സ്‌കൂള്‍ കുറ്റ്യാടി ടീം "
english_title: "MIUP School Kuttyadi team with machine to vaccinate stray dogs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/155607/miup-school-kuttyadi-team-with-machine-to-vaccinate-stray-dogs"
published_at: "2023-10-20T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532b3dd6ee90_000_8_chinmaya.JPG"
keywords: []
---

# തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മെഷീനുമായി എംഐയുപി സ്‌കൂള്‍ കുറ്റ്യാടി ടീം 

> **Lead Summary:** **കുറ്റ്യാടി: **കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേള അവസാനിക്കുമ്പോള്‍ യുപി വിഭാഗം സയന്‍സ് വര്‍ക്കിങ് മോഡലില്‍ കുറ്റ്യാടി എംഐയുപി സ്‌കൂളിന് ഒന്നാം സ്ഥാനവും എ ഗ്രേയ്ഡും.

## Article Content

**കുറ്റ്യാടി: **കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേള അവസാനിക്കുമ്പോള്‍ യുപി വിഭാഗം സയന്‍സ് വര്‍ക്കിങ് മോഡലില്‍ കുറ്റ്യാടി എംഐയുപി സ്‌കൂളിന് ഒന്നാം സ്ഥാനവും എ ഗ്രേയ്ഡും.

വിദ്യാര്‍ത്ഥികള്‍ ഈ പ്രാവശ്യം പുതിയ പരീക്ഷണവുമായാണ് ശാസ്ത്രമേളയില്‍ എത്തിയത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിലും മറ്റും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലത്ത് നായ്ക്കളെ കൂട്ടിലേക്ക് ആകര്‍ഷിക്കുന്നു എന്നതാണ് കുട്ടികള്‍ അവതരിപ്പിച്ച മോഡലിന്റെ പ്രത്യേകത.

കൂട്ടിലെത്തിയവയെ മെഷീന്‍ തന്നെ സ്വയം വാക്‌സിനേഷന്‍ നല്‍കും. വന്ധ്യംകരണം, പേ വിഷബാധ തുടങ്ങി ഏത് തരം വാക്‌സിനും ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഈ മെഷീന്‍ സംവിധാനിച്ചിരിക്കുന്നത്.

വാക്‌സിനേറ്റഡായ നായ്ക്കളെ തിരിച്ചറിയാനുള്ള സീലും ഈ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ നാഹിദ്, നൗഷാദ്, നൈഷ ഫാത്തിമ എന്നിവരാണ് ശാസ്ത്രമേളയില്‍ ഈ മോഡല്‍ അവതരിപ്പിച്ചത്.

പഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക് ഈ ഉപകരണം കൊണ്ടുവരണമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുക്കണമെന്നും വിധി കര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.

അധ്യാപകരായ കെ.പി.ആര്‍ അഫീഫ്, അനുപം ജെയ്സ്, സി.കെ ഷിജിന എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് കുട്ടികള്‍ മേളയില്‍ വേറിട്ട ഇനം അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/155607/miup-school-kuttyadi-team-with-machine-to-vaccinate-stray-dogs)