---
title: "ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണിന്റെ സംസ്‌ക്കാരം നാളെ രാത്രി "
english_title: "The cremation of deshabhimani chief photographer KS Praveen will be held tomorrow night"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156758/the-cremation-of-deshabhimani-chief-photographer-ks-praveen-will-be-held-tomorrow-night"
published_at: "2023-10-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538cb06bcb03_1_praveen.jpg"
keywords: []
---

# ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണിന്റെ സംസ്‌ക്കാരം നാളെ രാത്രി 

> **Lead Summary:** **പേരാമ്പ്ര: **ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണിന്റെ സംസ്‌ക്കാരം നാളെ രാത്രി 11 മണിക്ക് കീഴ്പ്പയ്യൂരിലെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണിന്റെ സംസ്‌ക്കാരം നാളെ രാത്രി 11 മണിക്ക് കീഴ്പ്പയ്യൂരിലെ വീട്ടുവളപ്പില്‍.

ദേശാഭിമാനി ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി കെ എസ് പ്രവീണ്‍ കുമാര്‍ (47) ഇന്ന് പുലര്‍ച്ചെയാന്ന് അന്തരിച്ചത്.

യൂറോപ്പ് മള്‍ഡോവയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ പാര്‍വതി എത്തിയശേഷമാകും സംസ്‌കാരം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ വൈകിട്ട് കോഴിക്കോട് ദേശാഭിമാനിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

ഇന്നലെ കുടുംബത്തോടൊപ്പം കാര്‍ ഓടിച്ച് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 1.05 നാണ് മരണം.

കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ പ്രവീണ്‍ കുമാര്‍ ജോലി ചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. ജിവി രാജ സ്‌പോര്‍ട്ട്‌സ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടവരോട് പോലും ഹൃദയ ബന്ധം സൂക്ഷിക്കുന്ന പ്രവീണിന് വലിയ സുഹൃദ് ബന്ധങ്ങളാണ്.

പ്രവീണിന്റെ അച്ഛനും അധ്യാപകനുമായ കുഞ്ഞിക്കണ്ണന്‍ മാസ്റ്ററും ഹൃദായാഘാതത്താലാന്ന് മരിച്ചത്.

ഇക്കഴിഞ്ഞ ചരമ വാര്‍ഷിക ദിനത്തില്‍ പ്രവീണ്‍ ഫെയ്‌സ് ബുക്കില്‍ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ....

'നഷ്ടക്കണക്കുമായി വീണ്ടും ആഗസ്ത് മാസം. പതിമൂന്ന് വര്‍ഷം മുന്നെ ഇതു പോലൊരു 26 ാം തീയതി ഈ സമയം തൊഴുത്തില്‍ പശുവിനെ കറന്ന് മില്‍മയില്‍ പാലെത്തിക്കാനുള്ള തിരക്കിലായിരുന്നു അച്ഛന്‍. അടുത്തയാഴ്ച ഓണമാണ്. എല്ലാവരും ഒന്നിച്ചു കൂടുന്ന ദിവസങ്ങള്‍. മുറ്റമെല്ലാം വൃത്തിയാക്കുന്ന പണിക്കാരോടൊക്കെ മക്കളും കൊച്ചുമക്കളും എത്തുന്ന സന്തോഷം പങ്കിട്ടിരുന്നു. സൊസൈറ്റിയില്‍ പാല് കൊടുത്തു നാട്ടുകാരോടൊക്കെ സംസാരിച്ച് വീട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും പ്രഭാത ഭക്ഷണം പാതി കഴിക്കാനുള്ള സമയം ബാക്കി വെച്ച് മരണം കാത്തിരിക്കുകയായിരുന്നു ഒരു നെഞ്ചുവേദനയുടെ രൂപത്തില്‍ '......

മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ സുപ്രഭ ടീച്ചറാണ് അമ്മ. ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കള്‍: പാര്‍വതി (എംബിബിഎസ് വിദ്യാര്‍ഥിനി, മള്‍ഡോവ, യൂറോപ്പ്), അശ്വതി. സഹോദരന്‍: പ്രജീഷ് കുമാര്‍ (അധ്യാപകന്‍, ചെറുവണ്ണൂര്‍ ഗവ. എച്ച്എസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156758/the-cremation-of-deshabhimani-chief-photographer-ks-praveen-will-be-held-tomorrow-night)