---
title: "പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് - സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണം; ആക്ഷന്‍ കമ്മിറ്റി "
english_title: "Puzhithod padinjarathara Road - State Government policy should be clarified; Action Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157286/puzhithod-padinjarathara-road-state-government-policy-should-be-clarified-action-committee"
published_at: "2023-10-27T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b547a23644_1_poozhi.jpg"
keywords: []
---

# പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് - സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണം; ആക്ഷന്‍ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര :** പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപെട്ടു.

## Article Content

**പേരാമ്പ്ര :** പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപെട്ടു.

റോഡ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് ആയിട്ടും ഇതുമായി ബന്ധപെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അനുമതി ആവശ്യപെട്ട് കേരള സര്‍ക്കാര്‍ അപേക്ഷ പോലും നല്‍കാതിരിക്കുകയും, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് നാട്ടില്‍ സമരം നടത്തുന്ന രീതിയാണ് ഇടത് വലത് മുന്നണികള്‍ ഇത് വരെ കൈ കൊണ്ടിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയുടെ ഭാഗമായ നിര്‍ദ്ധിഷ്ട റോഡ് പോകുന്ന സ്ഥലങ്ങളില്‍ വനം, റവന്യൂ, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ സംയുക്ത സര്‍വ്വേ നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇത് വരെ തയ്യാറാവാത്തത് പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനോടുള്ള സര്‍ക്കാറിന്റെ മുഖം തിരിഞ്ഞ സമീപനമാണെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു.

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്നും, സ്ഥലം എംഎല്‍എ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപെട്ടു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം സുധാകരന്‍ അധ്യക്ഷത വഹിച്ചു. എം മോഹനന്‍, തറമല്‍ രാഗേഷ്, ബാബു പുതുപറമ്പില്‍, കെ.കെ. രജീഷ്, പി.ബി സന്തോഷ്, കെ.എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157286/puzhithod-padinjarathara-road-state-government-policy-should-be-clarified-action-committee)