---
title: " പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്രോത്സവം "
english_title: "A film festival was organized for students at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157591/a-film-festival-was-organized-for-students-at-perambra"
published_at: "2023-10-28T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cc011a1efd_1_aku.jpg"
keywords: []
---

#  പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്രോത്സവം 

> **Lead Summary:** ** പേരാമ്പ്ര: **കോഴിക്കോട് സമഗ്ര ശിക്ഷാ കേരള പേരാമ്പ്ര ബിആര്‍സി തലത്തില്‍ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കോഴിക്കോട് സമഗ്ര ശിക്ഷാ കേരള പേരാമ്പ്ര ബിആര്‍സി തലത്തില്‍ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സാംസ്‌കാരിക ഉന്നമനം എളുപ്പത്തില്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.

കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വ സിനിമകളും കുട്ടികള്‍ക്ക് കാണാനും, ആസ്വദിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

ഭാഷാ പഠനത്തിന് പിന്തുണ നല്‍കുന്നതോടൊപ്പം സിനിമയുടെ ശാസ്ത്രീയവും, സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക, ഉദാത്തമായ മാനുഷിക മൂല്യങ്ങളും, ജീവിത വീക്ഷണവും ആവിഷ്‌കരിക്കുന്ന കലാമൂല്യമുള്ള സിനിമകള്‍ ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്നിവയുടെ ഭാഗമായി സ്‌കൂളുകളില്‍ പരമാവധി 40 കുട്ടികളെ ഉള്‍പ്പെടുത്തി സിനിമ ക്ലബ്ബുകള്‍ ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.

പേരാമ്പ്ര ബിആര്‍സി പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രദര്‍ശനം കാണുവാനുള്ള അവസരമൊരുക്കിയത്. ഇന്ന് കാലത്ത് 9 മണി മുതല്‍ പേരാമ്പ്ര അലങ്കാര്‍ തിയ്യറ്ററിലും ബിആര്‍സിയിലുമായി സത്യജിത്ത് റേയുടെ ടു, മാജിദ് മാജിദിയുടെ ദി സോങ് ഓഫ് സ്പാരോസ് എന്നീ രണ്ട് വിഖ്യാത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം അലങ്കാറില്‍ നടക്കുന്ന ചടങ്ങില്‍ ക്ലാപ്പ് ബോര്‍ഡ് അടിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കോഴിക്കോട് സമഗ്ര ശിക്ഷാ കേരള ഡിപിഒ പി.പി. മനോജ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ് കുമാര്‍ മുഖ്യാതിഥിയായിന്നു. കെ.വി. പ്രമോദ്, പി. രാമചന്ദ്രന്‍, കെ. ഷാജിമ, വി.എം. അഷറഫ്, എ.സി. മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.

പേരാമ്പ്ര ബിആര്‍സി ബിപിസി വി.പി. നിത സ്വാഗതം പറഞ്ഞ ചടങ്ങിന് ബിആര്‍സി ട്രയിനര്‍ ലിമേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അലങ്കാറിന്റെ വെള്ളിത്തിരയില്‍ സത്യജിത്ത് റേയുടെ ടു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് ശേഷം ബിആര്‍സിയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. പ്രശസ്ത സംവിധായകന്‍ പ്രതാപ് ജോസഫ്, അധ്യാപകനും എഴുത്തുകാരനും നിരൂപകനുമായ വി.കെ. ജോബിഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157591/a-film-festival-was-organized-for-students-at-perambra)