---
title: "പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് "
english_title: "Prime Minister Kisan Samman Nidhi; Attention Beneficiaries"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157645/prime-minister-kisan-samman-nidhi-attention-beneficiaries"
published_at: "2023-10-28T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cf275b102b_1_kisan.jpg"
keywords: []
---

# പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് 

> **Lead Summary:** **പേരാമ്പ്ര:** പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇകെവൈസിയും ലാന്റ് സീഡിംഗും ഓണ്‍ലൈനായി ഉടനെ തന്നെ ചെയ്യേണ്ടതാണ്.

## Article Content

**പേരാമ്പ്ര:** പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇകെവൈസിയും ലാന്റ് സീഡിംഗും ഓണ്‍ലൈനായി ഉടനെ തന്നെ ചെയ്യേണ്ടതാണ്.

ഈ മാസം 31 ഉള്ളില്‍ ഇത് ചെയ്യാത്തവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കാനുള്ള സാധ്യത ഇല്ല. മാത്രമല്ല ഇതുവരെ ലഭിച്ച തുക തിരിച്ച് അടക്കേണ്ടതായി വന്നേക്കാം.

രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരാണ് പി എം കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ളത്. രാജ്യത്തെ കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2019-ല്‍ ആണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ഇന്ത്യാ ഗവണ്‍മെന്റ് അവതരിപ്പിച്ചത്.

പദ്ധതി നിയമങ്ങള്‍ പ്രകാരം 2 ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിയിലൂടെ അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 6,000 രൂപ, അതായത്, 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നിക്ഷേപിക്കുന്നതാണ് പദ്ധതി.

ആധാര്‍ സീഡഡ് അക്കൗണ്ട് ഇല്ലാത്തതിനാല്‍ കോഴിക്കോട് ജില്ലയില്‍ 22500 പേര്‍ക്കു ഈ ആനുകൂല്യം ലഭിച്ചിട്ടില്ല. ഓരോ പഞ്ചായത്തിലെയും PM KISSAN ഫണ്ട് കിട്ടാത്ത ഗുണഭോക്താക്കള്‍ക്ക് തപാല്‍ വകുപ്പിന്റ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്  ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്തുകൊണ്ട് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും.

അടുത്ത ഗഡു നവംബര്‍ ആദ്യവാരം ലഭിക്കുന്നതാണ്. 28 ഒക്ടോബര്‍, 2023 ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ആധാര്‍ സീഡ് ചെയ്തിട്ടുള്ള അക്കൗണ്ട് വെറും 5 മിനിറ്റ് കൊണ്ട് ചെയ്തു കൊടുക്കുന്നതാണ്.

അക്കൗണ്ട് തുറക്കുന്നതിനു വേണ്ടി ആധാര്‍ കാര്‍ഡ് , മൊബൈല്‍ ഫോണ്‍ ( ഒടിപി, ഒറ്റ തവണ പാസ്സ്വേര്‍ഡ് ലഭിക്കുന്നതിന് വേണ്ടി ), അക്കൗണ്ട് ഓപ്പണിങ് ഫീ 200 രൂപ കൊണ്ട് വരേണ്ടതാണ്. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍.

1. ആധാര്‍ സീഡഡ് (ഡിബിടി പ്രവര്‍ത്തനക്ഷമമാക്കിയത്) ബാങ്ക് അക്കൗണ്ട്. 2. അക്ഷയ കേന്ദ്രത്തോടൊപ്പമോ വെബ്സൈറ്റ് മുഖേനയുള്ള സെല്‍ഫ് മോഡിലോ ആധാര്‍ ഒടിപി ഉപയോഗിച്ച് ഇ-കെവൈസി. 3. കൃഷിഭവനില്‍ ഭൂരേഖ സമര്‍പ്പിക്കലും പരിശോധനയും.

ആധാര്‍ സീഡഡ് അക്കൗണ്ട് തുടങ്ങുന്നതിലൂടെ മുടങ്ങിയ ഗഡുകള്‍ കൂടി നവംബറില്‍ ലഭിക്കുന്ന ഗഡുവിന്റെ കൂടെ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157645/prime-minister-kisan-samman-nidhi-attention-beneficiaries)