---
title: "ടി.പി രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദി രൂപീകരിച്ച് യുവത ആക്റ്റീവ് "
english_title: "TP Rajeev Memorial Art and Culture Venue formed by Yuvata Active"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158174/tp-rajeev-memorial-art-and-culture-venue-formed-by-yuvata-active"
published_at: "2023-10-30T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fd6b448d2c_000_8_chinmaya.JPG"
keywords: []
---

# ടി.പി രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദി രൂപീകരിച്ച് യുവത ആക്റ്റീവ് 

> **Lead Summary:** **പേരാമ്പ്ര**: ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദിയുടെ ഉദ്ഘാടനവും ടി.പി. രാജീവന്‍ അനുസ്മരണവും സംഘടിപ്പിക്കുന്നതായി സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദിയുടെ ഉദ്ഘാടനവും ടി.പി. രാജീവന്‍ അനുസ്മരണവും സംഘടിപ്പിക്കുന്നതായി സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ടി.പി. രാജീവന്‍ അധ്യാപകനായിരുന്ന പേരാമ്പ്രയിലെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ യുവത കോളെജിലെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ യുവത ആക്റ്റീവിന്റെ നേതൃത്വത്തിലാണ് പേരാമ്പ്ര ആസ്ഥാനമായി ടി. പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദി രൂപീകരിച്ചത്.

സാംസ്‌ക്കാരിക വേദിയുടെ ഉദ്ഘാടനം നവംബര്‍ 2 ന് കാലത്ത് 9 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കവിതയിലും ചിന്തയിലും ആധുനികതയുടെ വിച്ഛേദം പ്രകടിപ്പിച്ച ടി. പി. രാജീവന് ശിഷ്യഗണത്തിന്റെ ആദരാജ്ഞലിയാണ് ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അനുസ്മരണം.

സാഹിത്യം, കല, സംഗീതം, തുടങ്ങിയ രംഗങ്ങളിലെ പുതിയ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക,മലയാളത്തിലേയും അന്യഭാഷകളിലേയും സാഹിത്യകാരന്‍മാരുടെ രചനകള്‍ പുനര്‍വായനയിലൂടെ പുതു തലമുറക്ക് പരിചയപ്പെടുത്തുക, വായനാ ശീലം വളര്‍ത്തിയെടുക്കുന്നതിനായി പുസ്തകപരിചയം പംക്തി തുടങ്ങുക, ജനാധിപത്യ സാമൂഹിക ക്രമം കൈവരിക്കുന്നതിനു വേണ്ടി ആനുകാലിക വിഷയങ്ങളെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ക്കൂടി ഉയര്‍ത്തിക്കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് സാംസ്‌കാരിക വേദിയുടെ പ്രധാന ലക്ഷ്യങ്ങള്‍ .

കവി വീരാന്‍കുട്ടി, സി.ജെ ജോര്‍ജ്ജ്, ശ്രീജിഷ് ചെമ്മാരന്‍ , പി.ടി.ഇബ്രാഹിം, ടി.വി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ സാംസ്‌ക്കാരിക വേദി ജനറല്‍ സെക്രട്ടറി ടി. ഉസ്മാന്‍ , പി.കെ. മോഹനന്‍, പി.പി. സുരേഷ് കുമാര്‍ , കെ. രാജന്‍, എം.സുജാത , ഒ. രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158174/tp-rajeev-memorial-art-and-culture-venue-formed-by-yuvata-active)