---
title: "മയക്കു മരുന്നിനെതിരെ ഉപവാസവും ജനകീയ കൂട്ടായ്മയും ഞായാറാഴ്ച എരവട്ടൂരില്‍ "
english_title: "Anti-narcotics fast and public gathering in Eravattur on Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158974/anti-narcotics-fast-and-public-gathering-in-eravattur-on-sunday"
published_at: "2023-11-02T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543b2761eac6_000_8_chinmaya.JPG"
keywords: []
---

# മയക്കു മരുന്നിനെതിരെ ഉപവാസവും ജനകീയ കൂട്ടായ്മയും ഞായാറാഴ്ച എരവട്ടൂരില്‍ 

> **Lead Summary:** **പേരാമ്പ്ര**: സാംസ്‌കാരിക കേരളത്തിന്റെ യൗവനത്തേയും കൗമാരത്തേയും അതിവേഗം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറായി ലഹരി ഉപയോഗം തടയുന്നതിനും ലഹരി മാഫിയ സംഘങ്ങള്‍ക്കുമെതിരെ എരവട്ടൂരില്‍ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: സാംസ്‌കാരിക കേരളത്തിന്റെ യൗവനത്തേയും കൗമാരത്തേയും അതിവേഗം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറായി ലഹരി ഉപയോഗം തടയുന്നതിനും ലഹരി മാഫിയ സംഘങ്ങള്‍ക്കുമെതിരെ എരവട്ടൂരില്‍ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

'വെളിച്ചം കെടുത്തരുത് 'എന്ന പേരിലാണ് നവംബര്‍ 5 ഞായറാഴ്ച എരവട്ടൂര്‍ കനാല്‍ മുക്ക് പാര്‍ക്കിലാണ് ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുന്നത്.

നാടും നഗരവും ഒരു പോലെ ലഹരിക്ക് അടിമപ്പെടുമ്പോള്‍, യുവതയെ വഴിതെറ്റിക്കാന്‍ ലഹരി മാഫിയ നാടൊട്ടുക്കും വിഹരിക്കുമ്പോള്‍ വരും തലമുറയെ ഈ മഹാവിപത്തില്‍ നിന്നും കാക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കി ഒരു ലഹരിവിമുക്ത നാടാക്കി മാറ്റുന്നതിന് എരവട്ടൂര്‍ ജനകീയ വായനശാല, സാംസ്‌കാരി വേദിയുടെ ആഭിമുഖ്യത്തില്‍ 'വെളിച്ചം കെടുത്തരുത് 'എന്ന പേരില്‍ ഒരു ലഹരി വിരുദ്ധ കേമ്പയിന്‍ നടത്തുന്നത്്.

നവംബര്‍ 5 ഞായറാഴ്ച രാവിലെ എരവട്ടൂര്‍ കനാല്‍ മുക്ക് പാര്‍ക്കില്‍ 9 ന് ആരംഭിക്കുന്ന ഉപവാസത്തോടെ പരിപാടിക്ക് തുടക്കമാവുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉപവാസം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 4ന് നടക്കുന്ന ജനകീയ കൂട്ടായ്മയില്‍ ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, കലാ-സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകരും, കൂടാതെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17,18,19 വാര്‍ഡുകളിലെ മുഴവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ജനകീയ സംഗമവും നടക്കുന്നു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരിക്കും. കോള പൊലീസ് സൈബര്‍ സെല്‍ വിദഗ്ദന്‍ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തും.

ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെയുള്ള വ്യാപക ബോധവല്‍ക്കരണം, ലഹരിക്ക് അടിമപ്പെട്ടവരെ രക്ഷിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരലും പുനരധിവാസവും, ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.എം. ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.പ്രേമന്‍, കെ.വി വത്സന്‍ നായര്‍, കെ.സി കുഞ്ഞബ്ദുള്ള, ഇ.എം.ബാബു, എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158974/anti-narcotics-fast-and-public-gathering-in-eravattur-on-sunday)