---
title: "സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ചക്കിട്ടപ്പാറ; പ്രഖ്യാപനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു "
english_title: "Chakkitapara completes first e-Shram complete registration in the state; The announcement was made by Minister V. Shivankutty performed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15913/chakkitapara-completes-first-e-shram-complete-registration-in-the-state-the-announcement-was-made-by-minister-v-shivankutty-performed"
published_at: "2021-12-13T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7718b640db_WATER MERK  NEW.JPG"
keywords: []
---

# സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ചക്കിട്ടപ്പാറ; പ്രഖ്യാപനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ പ്രഖ്യാപനം തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ:** സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ പ്രഖ്യാപനം തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.

അസംഘടിത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് തൊഴില്‍ വകുപ്പ്, ക്ഷേമനിധി ബോര്‍ഡ്, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്ത് ഊര്‍ജിതമായി ക്യാമ്പുകള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.

നാട്ടിലെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും അംഗീകൃത രജിസ്ട്രേഷന്‍ കാര്‍ഡ് നല്‍കുന്നതിനാണ് ഇ-ശ്രം പദ്ധതി. ഇതുവരെ 12ലക്ഷത്തോളം തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആരും പദ്ധതിയില്‍ നിന്നും പുറത്തുപോകരുതെന്ന നിര്‍ബന്ധത്തോടുകൂടി ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്റര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കായും തൊഴില്‍ വകുപ്പ് രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇതിന് നേതൃത്വം നല്‍കിയ ഭരണസമിതി, വകുപ്പ് ഉദ്യോഗസ്ഥര്‍,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും മന്ത്രി പ്രശംസിച്ചു.

ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ 4011 പേര്‍ക്ക് നല്‍കിയാണ് സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച നേട്ടം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എം. ശ്രീജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15913/chakkitapara-completes-first-e-shram-complete-registration-in-the-state-the-announcement-was-made-by-minister-v-shivankutty-performed)