---
title: "കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം; സംഭവത്തില്‍ 2 പേര്‍ പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ "
english_title: "Theft from Kozhikode showroom; 2 people are in police custody in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159175/theft-from-kozhikode-showroom-2-people-are-in-police-custody-in-perambra"
published_at: "2023-11-03T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544b4a650a15_1_lock.jpg"
keywords: []
---

# കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം; സംഭവത്തില്‍ 2 പേര്‍ പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ 

> **Lead Summary:** **പേരാമ്പ്ര :** കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍.

## Article Content

**പേരാമ്പ്ര :** കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍.

പേരാമ്പ്ര ചേനോളി സ്വദേശികളായ നാസറിന്റെ മകന്‍ അഫ്നാദ്, അലിയുടെ മകന്‍ ഇഷാന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

കോഴിക്കോട് നടക്കാവിലുള്ള ഫോര്‍ഡിന്റെ ഷോറൂമില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ആഡംബര കാറാണ് പേരാമ്പ്രക്കടുത്ത് മുളിയങ്ങലില്‍ സ്റ്റിക്കര്‍ ഷോപ്പില്‍ നിന്ന് ഇന്ന് കാലത്ത് പേരാമ്പ്ര പൊലീസ് കണ്ടെടുക്കുന്നത്.

നടക്കാവ് ഷോറൂമില്‍ നിര്‍ത്തിയിട്ട കെഎല്‍ 13 എടി 1223 നമ്പര്‍ കാറാണ് യുവാക്കള്‍ കടത്തിയത്. ഇവിടെ എത്തിച്ച് രൂപമാറ്റം വരുത്താനുള്ള നീക്കത്തിനിടയിലാണ് കാര്‍ കണ്ടെടുക്കുന്നത്.

മോഷണം പോയ കാര്‍ പേരാമ്പ്ര ഭാഗത്തേക്കാണ് വന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ വാഹനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പൊലീസിനെ കണ്ടയുടനെ വാഹനവുമായി എത്തിയ രണ്ട് യുവാക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിരവധികേസുകളില്‍ പ്രതികളാണ് കസ്റ്റഡിയിലായ യുവാക്കള്‍ എന്നാണ് വിവരം. നടക്കാവ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ നടക്കാവ് പൊലീസിന് കൈമാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159175/theft-from-kozhikode-showroom-2-people-are-in-police-custody-in-perambra)