---
title: "ടി.പി. രാജീവന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ച് യുവത ആക്റ്റീവ് "
english_title: "TP Youth active on Rajiv's 1st death anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159300/tp-youth-active-on-rajivs-1st-death-anniversary"
published_at: "2023-11-03T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65452d6bddbf7_000_8_chinmaya.JPG"
keywords: []
---

# ടി.പി. രാജീവന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ച് യുവത ആക്റ്റീവ് 

> **Lead Summary:** **പേരാമ്പ്ര: **അന്തരിച്ച കവിയും നോവലിസ്റ്റും നിരൂപകനുമായ ടി.പി. രാജീവന്റെ ഒന്നാം ചരമ വാര്‍ഷികം ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര: **അന്തരിച്ച കവിയും നോവലിസ്റ്റും നിരൂപകനുമായ ടി.പി. രാജീവന്റെ ഒന്നാം ചരമ വാര്‍ഷികം ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ടി.പി. രാജീവന്‍ അധ്യാപകനായിരുന്ന പേരാമ്പ്രയിലെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ യുവത കോളെജിലെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ യുവത ആക്റ്റീവിന്റെ നേതൃത്വത്തിലാണ് പേരാമ്പ്ര ആസ്ഥാനമായി ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദി രൂപീകരിച്ചത്.

കലാ-സാംസ്‌ക്കാരിക വേദിയുടെ ഉദ്ഘാടനവും ടി.പി. രാജീവന്‍ അനുസ്മരണവും പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ നിര്‍വ്വഹിച്ചു.

ക്രിയാശേഷിയുള്ള ധീരനായ എഴുത്തുകാനായിരുന്നു ടി.പി. രാജീവനെന്നും കേട്ടറിവിനെ കുറിച്ച് എഴുതുകയല്ല ആ നാടിനെയും കാലത്തെയും കുറിച്ചുള്ള അറിവുകള്‍ ശേഖരിച്ച് സാഹിത്യ രചന നടത്തിയ നോവിസ്റ്റാണ് രാജീവനന്നും കല്പറ്റ നാരായണന്‍ പറഞ്ഞു.

ഇത് പിന്നീടുള്ള എഴുത്തുകാരുടെ നോവലുകളുടെ ഗതിമാറ്റാന്‍ കാരണമായി. രചനകളെ ചരിത്ര പരവും ജീവീതത്തെ ബന്ധിപ്പിച്ചു കൊണ്ടുമാണ് രാജീവന്‍ കവിതകള്‍ എഴുതിയത്.

ഒരു നാടിന് ആ നാടിന്റെ ചൈതന്യം ഇതുപോലെ ഉപയോഗിച്ച എഴുത്തുകാനുമായിരുന്നു ടി.പി. രാജീവനെന്നും അദ്ദേഹം അനുസ്മരിച്ചു. ടി.പി. രാജീവന്‍ സ്മാരക കലാ-സാംസ്‌ക്കാരിക വേദി പ്രസിഡന്റ് കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.

പി. ബാലാമണി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. സി.ജെ. ജോര്‍ജ്ജ്, പി.ടി. ഇബ്രാഹിം, മേപ്പാടി ബാലകൃഷ്ണന്‍, സി.കെ. രാഘവന്‍, ശ്രീജിഷ് ചെമ്മാരന്‍, സി.പി. നാരായണന്‍, ടി.വി. മുരളി, സി. രാധാകൃഷ്ണന്‍, എം.സുജാത എന്നിവര്‍ സംസാരിച്ചു. സാംസ്‌ക്കാരിക വേദി ജനറല്‍ സെക്രട്ടറി ടി. ഉസ്മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രാജന്‍ കുന്നത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159300/tp-youth-active-on-rajivs-1st-death-anniversary)