---
title: "ബന്ധുവീട്ടില്‍ പോയ രമ്യയുടെ യാത്ര അന്ത്യയാത്രയായി; തേങ്ങലോടെ പാലേരിക്കാര്‍ "
english_title: "Ramya's journey to her relative's house turned out to be her final journey; Paleri people with corn"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159557/ramyas-journey-to-her-relatives-house-turned-out-to-be-her-final-journey-paleri-people-with-corn"
published_at: "2023-11-04T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546777b04dcf_000_8_chinmaya.JPG"
keywords: []
---

# ബന്ധുവീട്ടില്‍ പോയ രമ്യയുടെ യാത്ര അന്ത്യയാത്രയായി; തേങ്ങലോടെ പാലേരിക്കാര്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **തൊഴിലുറപ്പില്‍ നിന്ന് ലീവെടുത്ത് ബന്ധുവീട്ടില്‍ പോയ രമ്യ ഇനി തിരിച്ചു വരില്ലെന്ന് വിശ്വസിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 5-ാം വാര്‍ഡ് തൊഴിലുറപ്പ് മേറ്റാണ് കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ച രമ്യ.

## Article Content

**‍ പേരാമ്പ്ര: **തൊഴിലുറപ്പില്‍ നിന്ന് ലീവെടുത്ത് ബന്ധുവീട്ടില്‍ പോയ രമ്യ ഇനി തിരിച്ചു വരില്ലെന്ന് വിശ്വസിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 5-ാം വാര്‍ഡ് തൊഴിലുറപ്പ് മേറ്റാണ് കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ച രമ്യ.

ഭര്‍ത്താവ് അനീഷും രമ്യയും കൂടെ അയല്‍വാസിയുടെ സ്‌ക്കൂട്ടറുമെടുത്ത് ബന്ധുവീടുകളിലും മരിച്ച വീട്ടിലും പോയി തിരിച്ച് വരുന്നതിനിടയിലാണ് അപകടം നടന്നത്.

തൊഴിലുറപ്പില്‍ നിന്നും ലീവ് എടുത്ത് പോകുന്നത് മരണത്തിലേക്കാണെന്ന് ഒരിക്കലും രമ്യ കരുതിയിരുന്നില്ല. രാത്രി വൈകിയതോടെ വീട്ടിലെത്താനുള്ള തിടുക്കത്തില്‍ ബസ്സിനെ മറികടന്നപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന പിക്കപ്പ് വാനില്‍ തട്ടി അതേ ദിശയില്‍ വന്ന ബസ്സിനടിയില്‍ പെടുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് തന്നെ രമ്യ മരണപ്പെട്ടിരുന്നു. അനീഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മമയേയും കാത്തിരിക്കുന്ന പിഞ്ചോമനകളോട് അമ്മ ഇനി തിരിച്ചു വരില്ലെന്ന് എങ്ങനെ അറിയിക്കും എന്ന ആശങ്കയിലാണ് ബന്ധുക്കള്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159557/ramyas-journey-to-her-relatives-house-turned-out-to-be-her-final-journey-paleri-people-with-corn)