---
title: "കോഴിക്കോടിനെ നിപ ഗവേഷണത്തിന്റെ കേന്ദ്രമാക്കും; മന്ത്രി വീണാ ജോര്‍ജ് "
english_title: "Kozhikode will be made a hub for Nipah research; Minister Veena George"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160784/kozhikode-will-be-made-a-hub-for-nipah-research-minister-veena-george"
published_at: "2023-11-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c8d96b4485_1_VEENA2.jpg"
keywords: []
---

# കോഴിക്കോടിനെ നിപ ഗവേഷണത്തിന്റെ കേന്ദ്രമാക്കും; മന്ത്രി വീണാ ജോര്‍ജ് 

> **Lead Summary:** **പേരാമ്പ്ര: **മെഡിക്കല്‍ കോളജിലെ നിപ്പ ഗവേഷണ കേന്ദ്രം രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രമാക്കാന്‍ കേരളത്തിനു കഴിയുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

## Article Content

**പേരാമ്പ്ര: **മെഡിക്കല്‍ കോളജിലെ നിപ്പ ഗവേഷണ കേന്ദ്രം രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രമാക്കാന്‍ കേരളത്തിനു കഴിയുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

നിപ്പവിമുക്ത പ്രഖ്യാപനവും മെഡിക്കല്‍ കോളജില്‍ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ്പ റിസര്‍ച് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ്പ ചികിത്സയില്‍ ലോകത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് കേരളത്തിനുള്ളത്.

നിപ്പയുടെ ഗവേഷണത്തിനു പ്രധാന തുടക്കമാണിത്. മോണോക്ലോണല്‍ ആന്റിബോഡി ഇവിടെത്തന്നെ ഉണ്ടാക്കുമെന്നും ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.

നിപ്പ നിര്‍ണയത്തില്‍ നട്ടെല്ലായാണ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം പ്രവര്‍ത്തിച്ചത്. സാധാരണ നിപ്പ മരണനിരക്ക് 70- 90% വരെയാണ്. എന്നാല്‍, ഇവിടെ 30 ശതമാനമായി പിടിച്ചുകെട്ടാന്‍ കഴിഞ്ഞു. നിപ്പ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും എല്ലാവരും ഊണും ഉറക്കവും ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ മന്ത്രി ആദരിച്ചു.

മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഇ.കെ. വിജയന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, കാനത്തില്‍ ജമീല, കെ.എം. സച്ചിന്‍ദേവ്, ഡിഎംഇ ഡോ. തോമസ് മാത്യു, ഡിഎച്ച്എസ് ഡോ. കെ.ജെ. റീന, ഡിഎംഒ ഡോ. കെ.കെ. രാജാറാം, പ്രിന്‍സിപ്പല്‍ ഡോ. എന്‍. അശോകന്‍, ഡിപിഎം ഡോ. സി.കെ. ഷാജി, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160784/kozhikode-will-be-made-a-hub-for-nipah-research-minister-veena-george)