---
title: "രോഗിയായ കുഞ്ഞായിക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ചു നല്‍കി ഏക്കാട്ടൂരില്‍ യു ഡി എഫ് "
english_title: "UDF constructed a house for the sick Kunjai and his family in Ektoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/161475/udf-constructed-a-house-for-the-sick-kunjai-and-his-family-in-ektoor"
published_at: "2023-11-12T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550405829399_000_9_APPOLA_-_9.JPG"
keywords: []
---

# രോഗിയായ കുഞ്ഞായിക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ചു നല്‍കി ഏക്കാട്ടൂരില്‍ യു ഡി എഫ് 

> **Lead Summary:** **അരിക്കുളം:** നാലു വര്‍ഷത്തിനുള്ളില്‍ ദരിദ്രരും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ എട്ടോളം പേര്‍ക്ക് പുതിയ വീടുകള്‍. ആറ് പേരുടെ വീടുകളുടെ ഭാഗികമായ നിര്‍മാണം.

## Article Content

**അരിക്കുളം:** നാലു വര്‍ഷത്തിനുള്ളില്‍ ദരിദ്രരും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ എട്ടോളം പേര്‍ക്ക് പുതിയ വീടുകള്‍. ആറ് പേരുടെ വീടുകളുടെ ഭാഗികമായ നിര്‍മാണം.

നിരവധി ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. ഏക്കാട്ടൂരിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ നാടിന് മനുഷ്യസ്‌നേഹത്തിന്റെ മാതൃക തീര്‍ക്കുകയാണ്. കാരയാട്, ഏക്കാട്ടൂര്‍, തറമ്മലങ്ങാടി എന്നിവിടങ്ങളിലാണ് സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.

പല വീടുകളുടെയും അറ്റകുറ്റപ്പണികള്‍ കൂടി ഇതൊടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആറ് വീടുകള്‍ പൂര്‍ണമായും യു ഡി എഫ് പ്രവര്‍ത്തകര്‍ പലരില്‍ നിന്നായി പണം പിരിച്ചാണ് നിര്‍മ്മിച്ചത്.

സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുണ്ടായിട്ടും ആനുകൂല്യം നിഷേധിക്കപ്പെടുന്ന അശരണര്‍ക്കാണ് ഭൂരിഭാഗം വീടുകളും നിര്‍മിച്ചു നല്‍കിയത്.

ലൈഫ് പദ്ധതിയുടെ ധനസഹായം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പ്രയാസത്തിലായ രോഗിയായ ഒരാളുടെ കല്ലാത്തറ കോളനിയിലെ വീട് അടുത്ത കാലത്ത് പൂര്‍ണമായും നിര്‍മിച്ചു നല്‍കിയത്.

ഇതില്‍ രണ്ടാമത്തെ വീടാണ് രോഗിയായ രയരോത്ത് കുഞ്ഞായിക്കും കുടുംബത്തിനും നിര്‍മിച്ച് ഇന്നലെ താക്കോല്‍ കൈമാറിയത്. ഏക്കാട്ടൂര്‍ വെള്ളറങ്കോട്ട് താഴെ നടന്ന ചടങ്ങ് ഡി സി സി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ ഉദ്ഘാടനം ചെയ്തു.

ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

കണ്‍വീനറും കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് ട്രഷററുമായ കെ അഷറഫ്, കെ.പി രാമചന്ദ്രന്‍, വി.വി.എം ബഷീര്‍, കെ.പി വേണുഗോപാലന്‍, യു ഡി എഫ് അരിക്കുളം പഞ്ചായത്ത് ചെയര്‍മാന്‍ സി രാമദാസ്, അബ്ദുള്‍ സലാം തറമല്‍, പൊയിലങ്ങല്‍ അമ്മദ്, കെ.എം അബ്ദുള്‍ സലാം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, എന്‍.കെ അഷറഫ്, റഊഫ് ഐരാണി, വി.പി.കെ അബ്ദുള്ള, കെ.കെ കോയക്കുട്ടി, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, അഷറഫ് പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/161475/udf-constructed-a-house-for-the-sick-kunjai-and-his-family-in-ektoor)