---
title: "അധികൃതരുടെ അനാസ്ഥ; പാഴാകുന്നത് ജീവജലം "
english_title: "negligence of the authorities; What is wasted is living water"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162664/negligence-of-the-authorities-what-is-wasted-is-living-water"
published_at: "2023-11-16T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555bee86513a_1_watterr.jpg"
keywords: []
---

# അധികൃതരുടെ അനാസ്ഥ; പാഴാകുന്നത് ജീവജലം 

> **Lead Summary:** ** പേരാമ്പ്ര :** വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥ മൂലം പേരാമ്പ്രയിൽ പാഴാവുന്നത് ലക്ഷങ്ങൾക്ക് കുടിക്കേണ്ട ജീവജലം. പേരാമ്പ്ര ചിലമ്പ വളവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണ ടാങ്കിൽ നിന്ന് നിത്യേന പാഴാവുന്നത് ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം.

## Article Content

** പേരാമ്പ്ര :** വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥ മൂലം പേരാമ്പ്രയിൽ പാഴാവുന്നത് ലക്ഷങ്ങൾക്ക് കുടിക്കേണ്ട ജീവജലം. പേരാമ്പ്ര ചിലമ്പ വളവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണ ടാങ്കിൽ നിന്ന് നിത്യേന പാഴാവുന്നത് ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം.

ഇവിടെ ടാങ്കിലേക്ക് വെളളം തുറന്ന് വിട്ടാൽ ടാങ്ക് നിറഞ്ഞു കഴിഞ്ഞാൽ അത് ഓഫ് ചെയ്യാൻ ആളുണ്ടാവില്ല. പകൽ സമയങ്ങളിൽ ജീവനക്കാരെത്തി ടാങ്കിലേക്കുള്ള വാൽവ് തുറന്ന് പോവും. ടാങ്കിൽ വെള്ളം നിറയാൻ രാത്രിയാവും. ഈ സമയം ഇത് ഓഫ് ചെയ്യാൻ ജീവനക്കാർ ആരും എത്തുകയില്ല. രാത്രി ടാങ്ക് നിറഞ്ഞ് ഒഴുകുന്ന ശുദ്ധജലം രാവിലെ വരെ പുറത്തേക്ക് ഒഴുകും.

ഒരു മലമുകളിൽ നിന്ന് വരുന്ന നീരൊഴുക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വൻ ശബ്ദത്തോടെ വെള്ളം താഴോട്ട് കുത്തിയൊഴുക്കും.

ഇത് സമീപത്തെ ഗ്യാസ് ഗോഡൗണിലേക്കുളള റോഡിലേക്കും തുടർന്ന് പേരാമ്പ്ര മേപ്പയ്യൂർ റോഡിലേക്കും ഒഴുകുന്നു. റോഡിലൂടെ പുഴ പോലെ വെള്ളം ഒഴുകുന്ന അവസ്ഥയാണ്.

നാട്ടുകാർ ഏതെങ്കിലും ജീവനക്കാരെ വിളിച്ച് വിവരമറിയിച്ചാൽ രാവിലെ ആളെത്തി വാൽവ് പൂട്ടുകയാണ് പതിവെന്നും ഇത് നിത്യസംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് കാലത്ത് 7.30 ന് ഒരു ജീവനക്കാരനെത്തിയ ശേഷമാണ് വെള്ളം പാഴാവുന്നത് നിർത്താനായത്. രാത്രി സമയത്ത് ആയതു കൊണ്ട് ഓഫീസിൽ ആളുണ്ടാവില്ല.

വാട്ടർ അതോറിറ്റിയിൽ ജോലിയുള്ള പരിചയക്കാരെ വിളിച്ച് അവർ ഇതിന്റെ ചുമതലയുളള ജീവനക്കാരനെ വിവരമറിയിച്ചാൽ മാത്രമേ പൂട്ടുന്ന അവസ്ഥയുള്ളൂ.

ഗ്യാസ് ഗോഡൗൺ റോഡിന്റെ വശങ്ങളിൽ ജൽജീവൻ പദ്ധതിക്ക് പൈപ്പിടാനായി കുഴി എടുത്തിരുന്നു. വെള്ളം നിരന്തരം ഒഴുകുന്നതിനാൽ ഇവിടുത്തെ മണ്ണ് ഒലിച്ചു പോയി ഗർത്തങ്ങൾ രൂപപ്പെട്ടത് വാഹനങ്ങൾക്ക് കടന്നുപോവാൻ ബുദ്ധിമുട്ട് ഉണ്ടാക്കുനതായി നാട്ടുകാർ പറഞ്ഞു.

ഈ വർഷം ആവശ്യത്തിന് മഴ ലഭിക്കാത്ത അവസ്ഥയിൽ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ജനത. ഈ സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥ മൂലം നാളെക്ക് കരുതേണ്ട കുടിവെള്ളം പാഴാക്കി കളയുന്നത് .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162664/negligence-of-the-authorities-what-is-wasted-is-living-water)