---
title: "പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ചേര്‍ന്നു "
english_title: "`Alternative road development committee meeting was held at the padinjarathara  Puzhithod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/162740/alternative-road-development-committee-meeting-was-held-at-the-padinjarathara-puzhithod"
published_at: "2023-11-16T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555fa43a7210_1_poozhithod.jpg"
keywords: []
---

# പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ചേര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ചേര്‍ന്നു.

## Article Content

**പേരാമ്പ്ര: **പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ചേര്‍ന്നു.

നവംബര്‍ 23ന് വയനാട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിനു മുന്നോടിയായി പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വനമന്ത്രി ഉള്‍പ്പെട്ട മന്ത്രി തല ഉപസമിതിയെ അയച്ച് ബദല്‍ പാതകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു ദശാബ്ദകാലമായി വയനാട്ടിലെ ജനങ്ങള്‍ ബദല്‍ പാതകള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യ ഗവണ്‍മെന്റിന് ഭൂഷണമല്ലെന്നും 70% പണി പൂര്‍ത്തീകരിച്ച് ശാസ്ത്രീയപഠനങ്ങളിലും മുഴുവന്‍ സര്‍വ്വേകളിലും പ്രഥമ പരിഗണന ലഭിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം ഉടന്‍ പുനര്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നയപരമായ തീരുമാനമെടുത്ത് അടുത്ത ബഡ്ജറ്റില്‍ 100 കോടി രൂപ വകയിരുത്തി യുദ്ധകാല അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാതയുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

വയനാട്ടിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് യാത്രാ പ്രശ്‌നവും വന്യമൃഗ ശല്യവും എന്ന് വയനാട്ടിലെ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും തിരിച്ചറിയണമെന്നും കാര്‍ഷിക രംഗത്ത് വന്യമൃഗ ശല്യവും കാലാവസ്ഥ വ്യതിയാനവും മൂലവും തകര്‍ച്ച നേരിടുന്ന വയനാട്ടിലെ കര്‍ഷകരുടെ ഏക പ്രതീക്ഷ ടൂറിസം രംഗത്തുള്ള മുന്നേറ്റംമാത്രമാണെന്നും ഘട്ടം ഘട്ടമായി വയനാട്ടിലെ മുഴുവന്‍ ബദല്‍ പാതകളും സഞ്ചാര യോഗ്യമാക്കിയാല്‍ ലോക ടൂറിസ്‌റ് ഭൂപടത്തില്‍ ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്തുള്ള വയനാട് പ്രഥമ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നും അവര്‍ പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റ് വികസന ആവശ്യങ്ങള്‍ക്കായി പ്രത്യേകിച്ച് റോഡ് റെയില്‍വേ വികസനത്തിന് അനുകൂലമായി നിയമഭേദഗതി വരുത്തിയ സാഹചര്യത്തില്‍ വനത്തിലൂടെ റോഡ് വെട്ടുന്നതിന് നിലവിലുള്ള കേന്ദ്ര നിയമ തടസ്സം ഒഴിവായത് വയനാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്, അടിയന്തരമായി സംസ്ഥാന ഗവണ്‍മെന്റ് ചെയ്യേണ്ടത് ബദല്‍ പാതയ്ക്ക് വേണ്ടിയുള്ള അപേക്ഷയും ഡി പി ആര്‍ അടക്കമുള്ള മുഴുവന്‍ രേഖകളും കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ വനത്തിലൂടെ റോഡ് വെട്ടുന്നതിനുള്ള അനുവാദംലഭിക്കുന്നതാണ്, നിലവില്‍ ഇതിനുവേണ്ടി യാതൊരു അപേക്ഷയും കേന്ദ്ര ഗവണ്‍മെന്റിന് സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ചിട്ടില്ല ഇനി പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡിന് വേണ്ടി അപേക്ഷയും ഡിപിആര്‍ അടക്കമുള്ള രേഖകളും കേന്ദ്രത്തിന് സമര്‍പ്പിക്കുകയാണ് വേണ്ടത്, ഇനിയും വൈകിച്ചാല്‍ അത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും വഞ്ചനയും വെല്ലുവിളിയും ആയിരിക്കും എന്ന് യോഗം വിലയിരുത്തി.

വയനാടിന്റെ സമഗ്ര വികസനത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിന് നിലവിലുള്ള 5 ബദല്‍ പാതകളും യാഥാര്‍ത്ഥ്യമാക്കാനുള്ള ദീര്‍ഘകാല കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുവാന്‍ ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റ്തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഡിസംബര്‍ ഒന്നു മുതല്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുവാന്‍ ബദല്‍ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി വനം മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി വൈസ് ചെയര്‍മാന്‍ കെ.എം ജോസഫ് അധ്യക്ഷത വഹിച്ച യോഗം സമിതി ചെയര്‍മാനും കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗമായ കെ.എ ആന്റണി ഉദ്ഘാടനംചെയ്തു.

അഡ്വക്കേറ്റ് ജോര്‍ജ് വാതുപറമ്പില്‍, കെ.ജെ ലോറന്‍സ്, ടി.പി കുര്യാക്കോസ്, സണ്ണി അന്തിനാട്, കെ.എം വര്‍ഗീസ്, പി.ജെ ജോസ്, കെ.എം പൗലോസ്, സിബി ജോണ്‍, പി.കെ അബ്രഹാം, കെ.എം തോമസ്, പി.യു ജോണ്‍സണ്‍, ഷാന്റ്റു മാത്യു, പ്രിന്‍സ് തോമസ്, തോമസ് നിരപ്പേല്‍, അനൂപ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/162740/alternative-road-development-committee-meeting-was-held-at-the-padinjarathara-puzhithod)