---
title: " ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് ആദരവുമായി പേരാമ്പ്ര സഹൃദയ വേദി"
english_title: "Perambra Sahradaya Vedi in honor of Balachandran Parachottil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16385/perambra-sahradaya-vedi-in-honor-of-balachandran-parachottil"
published_at: "2021-12-16T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb1f9679f2d_0000 WATERMARK.jpg"
keywords: []
---

#  ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് ആദരവുമായി പേരാമ്പ്ര സഹൃദയ വേദി

> **Lead Summary:** ** പേരാമ്പ്ര:** ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണര്‍ ആയി ചുമതലയേറ്റ ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് ആദരവുമായി പേരാമ്പ്ര സഹൃദയ വേദി. ഡിസംബര്‍ 20ന് രാവിലെ 10 മണിക്കാണ് പേരാമ്പ്ര സഹൃദയ വേദി ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് ആദരവുമായി എത്തുന്നത്.

## Article Content

** പേരാമ്പ്ര:** ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണര്‍ ആയി ചുമതലയേറ്റ ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് ആദരവുമായി പേരാമ്പ്ര സഹൃദയ വേദി. ഡിസംബര്‍ 20ന് രാവിലെ 10 മണിക്കാണ് പേരാമ്പ്ര സഹൃദയ വേദി ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് ആദരവുമായി എത്തുന്നത്.

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണര്‍ ആയിട്ടാണ് അദ്ദേഹം ചുമതലയേറ്റത്. ദേശീയ കാര്യാലയത്തിന്റെ പുതിയ നിയമാവലി അനുസരിച്ച് സംസ്ഥാന തലത്തിലുള്ള സ്‌കൗട്ട് പ്രവര്‍ത്തനങ്ങളുടെ പ്രധാന ഉത്തരവാദിത്വം സ്റ്റേറ്റ് ചീഫ് കമ്മീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി അദ്ദേഹത്തോട് നേരിട്ട് ഉത്തരവാദിത്വമുള്ള പദവിയിലേക്കാണ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ നിയമിക്കപ്പെട്ടത്.

കേരളത്തിലെ 14 റവന്യു ജില്ലകളുടെയും 46 വിദ്യാഭ്യാസ ജില്ലകളുടെയും ചുമതലയാണ് ബാലചന്ദ്രനില്‍ നിക്ഷിപ്തമായിട്ടുള്ളത്. മുമ്പ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീണറായി ഒരു ദശവര്‍ഷത്തോളം ബാലചന്ദ്രന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ അധ്യാപക അവാര്‍ഡ്, സ്‌കൗട്ടിംഗ് രംഗത്തെ ദേശീയപരമോന്നത പുരസ്‌കാരമായ സില്‍വര്‍ എലിഫന്റ് എന്നിവ നേടിയിട്ടുണ്ട്. ഭാരതത്തിലും വിദേശങ്ങളിലുമായി നിരവധി സ്‌കൗട്ടിംഗ് പരിശീലന ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

2018ല്‍ നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാദ്ധ്യാപകനായി ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി നടുവണ്ണൂര്‍ കേന്ദ്രമാക്കി ഫോര്‍മല്‍ സ്‌കൗട്ട് ഫോറം രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സ്‌കൗട്ട് ഫോറത്തിന്റെ രക്ഷാധികാരി കൂടിയാണ്. പേരാമ്പ്ര സ്വദേശിയായ അദ്ദേഹം ഗാന്ധിയനും സര്‍വ്വോദയ പ്രവര്‍ത്തകനുമായ പരേതനായ പഴങ്കാവില്‍ നാരായണ മാരാരുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16385/perambra-sahradaya-vedi-in-honor-of-balachandran-parachottil)