---
title: "പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ്, പടക്കങ്ങള്‍ എന്നിവയ്ക്കായി പരിശോധന; കിട്ടിയത് ലക്ഷങ്ങളുടെ കഞ്ചാവ് "
english_title: "Inspection for petrol, kerosene, gas and fireworks; He got lakhs of ganja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164201/inspection-for-petrol-kerosene-gas-and-fireworks-he-got-lakhs-of-ganja"
published_at: "2023-11-22T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655da22fd6b85_1_kanja.jpg"
keywords: []
---

# പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ്, പടക്കങ്ങള്‍ എന്നിവയ്ക്കായി പരിശോധന; കിട്ടിയത് ലക്ഷങ്ങളുടെ കഞ്ചാവ് 

> **Lead Summary:** **പേരാമ്പ്ര:** വടകര റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്ന് എട്ടേകാല്‍ കിലോഗ്രാം കഞ്ചാവ് പിടികൂടി. ആര്‍പിഎഫും എക്‌സൈസും നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.

## Article Content

**പേരാമ്പ്ര:** വടകര റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്ന് എട്ടേകാല്‍ കിലോഗ്രാം കഞ്ചാവ് പിടികൂടി. ആര്‍പിഎഫും എക്‌സൈസും നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ബാഗിലാക്കി ഒന്നാം പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. നാലു ലക്ഷത്തിലേറെ രൂപ വില പിടിച്ചെടുത്ത കഞ്ചാവിനുണ്ടെന്നാണ് എക്‌സൈസ് വിശദമാക്കുന്നത്.

ചെന്നൈ-മംഗളൂരു സുപ്പര്‍ ഫാസ്റ്റ് കടന്നുപോയതിന് പിന്നാലെ സ്റ്റേഷനില്‍ റെയ്ഡ് നടത്തിയപ്പോഴാണ് കഞ്ചാവ് കാണാനായത്. പരിശോധനക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം ആള്‍ കടന്നുകളഞ്ഞതാവുമെന്ന് എക്‌സൈസ് വിലയിരുത്തല്‍. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രെയിനുകളില്‍ പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ്, പടക്കങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം ശക്തമായ പരിശോധന നടന്നുവരികയാണ്. ഇതിനിടയിലാണ് വടകരയില്‍ കഞ്ചാവ് കണ്ടെടുത്തത്. പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോവുന്നത് കുറ്റകരമാണ്.

ആര്‍പിഎഫ് പാലക്കാട് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എസ്‌ഐ എ.പി. ദീപക്, എഎസ്‌ഐ കെ.എം. ഷിജു, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ഒ.ടി.കെ. അജീഷ്, അബ്ദുള്‍ സത്താര്‍, വടകര ആര്‍പിഎഫ് അസിസ്റ്റന്റ്  സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബിനീഷ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ മഹേഷ്, രാജീവന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ. വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി. വിനീത്, രാഹുല്‍ ആക്കിലേരി, ഡ്രൈവര്‍ രാജന്‍ തുടങ്ങിയവരടങ്ങിയ സംഘം നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164201/inspection-for-petrol-kerosene-gas-and-fireworks-he-got-lakhs-of-ganja)