---
title: "പേരാമ്പ്രയുടെ ചരിത്രത്തില്‍ മറ്റൊരു അധ്യായം ചേര്‍ത്ത് നവകേരള സദസ്സ് "
english_title: "New Kerala audience adds another chapter to the history of Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164916/new-kerala-audience-adds-another-chapter-to-the-history-of-perampra"
published_at: "2023-11-24T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560df6b4e86a_000_9_APPOLA_-_9.JPG"
keywords: []
---

# പേരാമ്പ്രയുടെ ചരിത്രത്തില്‍ മറ്റൊരു അധ്യായം ചേര്‍ത്ത് നവകേരള സദസ്സ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയുടെ ചരിത്രത്തില്‍ മറ്റൊരു അധ്യായം ചേര്‍ത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ്. വൈകിട്ട് മൂന്ന മണിക്കാണ് പരിപാടിയെങ്കിലും കാലത്ത് മുതല്‍ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയുടെ ചരിത്രത്തില്‍ മറ്റൊരു അധ്യായം ചേര്‍ത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ്. വൈകിട്ട് മൂന്ന മണിക്കാണ് പരിപാടിയെങ്കിലും കാലത്ത് മുതല്‍ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.

മണ്ഡലത്തിലെ, ഓരോ ബൂത്തില്‍ നിന്നും ഒരോ ബസ് സദസിലേക്ക് ആളുകളുമായി എത്തി. ഓട്ടോതൊഴിലാളികള്‍ പേരാമ്പ്ര പട്ടണത്തില്‍ നിന്ന് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലേക്ക് 50 ല്‍ പരം ഓട്ടോ റിക്ഷകള്‍ സൗജന്യ സര്‍വ്വീസ് നടത്തി.

കാലത്ത് 11 മണിമുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള 20 കൗണ്ടറുകള്‍ നവകേരള സദസ്സ് വേദിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇവിടെ പരാതികളുടെ പ്രളയമായിരുന്നു. ഉച്ചയോടെ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു.

പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍, സിന്ധു പേരാമ്പ്ര എന്നിവരുടെ ഗാനാമൃത്, വായ്പാട്ട് സംഘം പേരാമ്പ്രയുടെ നാടന്‍ പാട്ടുകള്‍, പ്രശസ്ത വാദ്യ കലാകാരന്‍ കാഞ്ഞിലശ്ശേരി വിനോദ് കുമാറും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം തുടങ്ങിയവ വേദിയില്‍ നടന്നു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേല്‍ക്കാന്‍ ജനാവലിയാണ് ഗ്രൗണ്ടില്‍ എത്തിയിരിക്കുന്നത്. 3.15 ഓടെ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ജെ. ചിഞ്ചു റാണി, എം.വി. രാജേഷ് എന്നിവര്‍ വേദിയിലെത്തി.

4.10 ഓടെയാണ് മുഖ്യമന്ത്രിയും 17 മന്ത്രിമാരും പ്രത്യേക ബസില്‍ നവകേരള സദസ്സ് വേദിയില്‍ എത്തിയത്. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.

തടിച്ചു കൂടിയ പതിനായിരങ്ങള്‍ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യത്തോടെയും വരവേറ്റു. മന്ത്രിസഭയുടെ ഒന്നിച്ചുള്ള വരവ് മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു സദസ്സിലെ ജനങ്ങള്‍.

നവകേരള സദസ്സ് മണ്ഡലം നോഡല്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാ്രമ്പ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കാസര്‍ക്കോട് മുതല്‍ ഓരോ നവകേരള സദസ്സിലെയും അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ധൈര്യമായി മുന്നോട്ട് പോകൂ എന്ന ജനങ്ങളുടെ പിന്തുണയാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ ഏഴര വര്‍ഷത്തെ ഭരണം കേരളത്തെ സമ്പല്‍ സമൃദ്ധിയിലേക്ക് നയിച്ചെന്നും ഭരണം പൂര്‍ത്തിയാക്കുമ്പോഴേക്കും എല്ലാ മേഖലയിലും വികസനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രക്ക് പുതിയ പദ്ധതിയായി ചക്കിട്ടപാറ പഞ്ചായത്തില്‍ 120 ഏക്കര്‍ സ്ഥലത്ത് ടൈഗര്‍ പാര്‍ക്ക് ആരംഭിക്കാന സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം സദസ്സിനെ അറിയിച്ചു. പേരാമ്പ്ര പെരുവണ്ണാമൂഴിയില്‍ കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് ആരംഭിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജെ. ചിഞ്ചു റാണി, എം.വി. രാജേഷ് എന്നിവരും സംസാരിച്ചു. ജില്ല പറ്ഞായത്ത് പ്രസിഡന്റ് ഷീജ ശശി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164916/new-kerala-audience-adds-another-chapter-to-the-history-of-perampra)