---
title: "അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ചിറക് മികച്ച നാടകം "
english_title: "Wing Best Drama in All Kerala Professional Drama Competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165720/wing-best-drama-in-all-kerala-professional-drama-competition"
published_at: "2023-11-28T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565f10527bcd_000_8_chinmaya.JPG"
keywords: []
---

# അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ചിറക് മികച്ച നാടകം 

> **Lead Summary:** **പേരാമ്പ്ര :** ചക്കിട്ടപാറ ഉണ്ണികൃഷ്ണന്‍ മുതുകാട് നഗറില്‍ കൊഴേക്കാടന്‍ സാംസ്‌ക്കാരിക കലാ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് മികച്ച നാടകമായി തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര :** ചക്കിട്ടപാറ ഉണ്ണികൃഷ്ണന്‍ മുതുകാട് നഗറില്‍ കൊഴേക്കാടന്‍ സാംസ്‌ക്കാരിക കലാ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് മികച്ച നാടകമായി തെരഞ്ഞെടുത്തു.

ഇതേ നാടകത്തിലെ മീനാക്ഷിയായി വേഷമിട്ട ആദിത്യയെ മികച്ച നടിയായും തെഞ്ഞെടുത്തു. ചിറകിന് തൂലിക ചലിപ്പിച്ച പ്രദീപ് കാവുന്തറക്ക് മികച്ച രചയിതാവിനുള്ള പുരസ്‌ക്കാരം ഉള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരങ്ങള്‍ ഈ നാടകം കരസ്ഥമാക്കി.

മികച്ച രണ്ടാമത്തെ നാടകം വള്ളുവനാട് നാദം കമ്മ്യൂണിേക്കഷന്റെ ഊഴം. ജനപ്രിയനാടകമായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍സിന്റെ നമ്മള്‍ എന്ന നാടകമാണ്.

മികച്ച സംവിധായകനായി ഊഴം അണിയിച്ചൊരുക്കിയ സുരേഷ് ദിവാകരനും മികച്ച നടനായി ആകാശം വരക്കുന്നവര്‍ എന്ന നാടകത്തിലെ കെപിഎസി മംഗളനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യ നടന്‍ ആകാശം വരക്കുന്നവരിലെ സത്യനും, രംഗപടത്തിന് വിജയന്‍ കടമ്പേരിയും ഉള്‍പ്പെടെ 14 അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അവാര്‍ഡ് ദാന ചടങ്ങ് ഡോ. ഡി.ജെ. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഡോ. എം.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. പീറ്റര്‍ കരിമ്പനക്കുഴി, യുവ സംരംഭകന്‍ അമല്‍ സാജ്, ത്രേസ്യാമ്മ കുരിശുംമൂട്ടില്‍, തബലിസ്റ്റ് പി.ഡി. രമേശ്, ഓര്‍ഗണിസ്റ്റ് ഷിജി, യുവകവി റഷീദ് കോടേരിച്ചാല്‍, ഗിരി കല്‍പ്പത്തൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എ.ജി. ഭാസ്‌ക്കരന്‍, പി.പി. രഘുനാഥ്, പി.എം. ജോസഫ്, റജി കോച്ചേരി, രാജീവ് തോമസ്, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ ജിതേഷ് മുതുകാട് സ്വാഗതം പറഞ്ഞ ചടങ്ങിന് ശിവദാസന്‍ ചെമ്പ്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ സ്മരണാര്‍ത്ഥം പ്രദീപ്ത് ഗാനങ്ങള്‍ എന്ന ഗാനസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165720/wing-best-drama-in-all-kerala-professional-drama-competition)