---
title: "നൊച്ചാട് വില്ലേജില്‍ രാമല്ലൂര്‍ ഭാഗത്തെ കുടുംബങ്ങളാണ് സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്."
english_title: "Families in the Ramalloor area of Nochchad village are waiting for the government's mercy perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16743/families-in-the-ramalloor-area-of-nochchad-village-are-waiting-for-the-governments-mercy-perambra"
published_at: "2021-12-18T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdbdd492bb4_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് വില്ലേജില്‍ രാമല്ലൂര്‍ ഭാഗത്തെ കുടുംബങ്ങളാണ് സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്.

> **Lead Summary:** ** പേരാമ്പ്ര: **കൊയിലാണ്ടി താലൂക്കിലെ നൊച്ചാട് വില്ലേജില്‍ രാമല്ലൂര്‍ ഭാഗത്ത് പട്ടയം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും ലഭിച്ച 17 കുടുംബങ്ങളാണ് സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്. പരമ്പരാഗതമായി ലഭിച്ചതുള്‍പ്പെടെ കൈവശത്തിലുള്ള ഭൂമിക്കും പുരയിടത്തിനും അധികൃതര്‍ നികുതി സ്വീകരിക്കാതായ നിരവധി കുടുംബങ്ങളാണുള്ളത്.

## Article Content

** പേരാമ്പ്ര: **കൊയിലാണ്ടി താലൂക്കിലെ നൊച്ചാട് വില്ലേജില്‍ രാമല്ലൂര്‍ ഭാഗത്ത് പട്ടയം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും ലഭിച്ച 17 കുടുംബങ്ങളാണ് സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്. പരമ്പരാഗതമായി ലഭിച്ചതുള്‍പ്പെടെ കൈവശത്തിലുള്ള ഭൂമിക്കും പുരയിടത്തിനും അധികൃതര്‍ നികുതി സ്വീകരിക്കാതായ നിരവധി കുടുംബങ്ങളാണുള്ളത്.

ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ജപ്തി ഭീഷണി ഒരു ഭാഗത്തും ലൈഫ് ഭവനപദ്ധതി പോലുള്ള സര്‍ക്കാര്‍ സഹായം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ മറുഭാഗത്തും ഉഴലുമ്പോള്‍ അധികൃതര്‍ നിസംഗത കാണിക്കുകയാണെന്ന് കുടുംബങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 2018-2019 വര്‍ഷം വരെ നികുതി അടക്കുകയും തണ്ടപ്പേര്‍ ഉള്‍പ്പെടെയുളള രേഖകളും കൈവശമുള്ള ഉടമകളോടാണ് തുടര്‍ന്ന് നികുതി അടക്കാന്‍ കഴിയില്ലെന്ന് വില്ലേജ് അധികൃതര്‍ അറിയിച്ചു.

തഹ്‌സില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവരെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞ നിലപാടാണ് സ്വീകരിച്ചതെന്ന് കുടുംബങ്ങള്‍ പറഞ്ഞു. റീസര്‍വ്വെ 11/2, 12/1 ല്‍ പെടുന്ന ഭൂമിക്കാണ് ഇടക്കാലത്ത് സര്‍ക്കാരിന്റെ നികുതി നിഷേധം വന്നത്. ഇതേ സര്‍വ്വേയില്‍പ്പെട്ട 28 സെന്റ് ഭൂമിയുടെ കൃത്യമായ രേഖകള്‍ ഹാജരാക്കി 2014ല്‍ ലോണെടുക്കുകയും ലോണ്‍ തുകയില്‍ പാതിയിലേറെ തുക തിരിച്ചടക്കുകയും ചെയ്ത വ്യക്തിക്ക് ഇപ്പോള്‍ ധനകാര്യ സ്ഥാപനം ജപ്തി നോട്ടീസയച്ചിരിക്കയാണ്.

കൈവശ ഭൂമിയില്‍ നിന്ന് കുറച്ച് വിറ്റ് ലോണ്‍ ക്ലോസ് ചെയ്യാമെന്ന് ഇരിക്കെയാണ് നികുതി സ്വീകരിക്കാത്തത് വിലങ്ങുതടിയായത്. അധികൃതരെ സമീപിച്ചപ്പോള്‍ പ്രസ്തുത സര്‍വേയിലുള്ള ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്നാണ് ഉടമകള്‍ക്ക് ലഭിച്ച വിവരം. വിധവയും മൂന്ന് പെണ്‍കുട്ടികളുടെ മാതാവുമായ വീട്ടമ്മ പൊട്ടിക്കരഞ്ഞാണ് തന്റെ ദുരിതം വിവരിച്ചത്. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഒഴിവാക്കാനും മിച്ചം വരുന്ന ഭൂമി വിറ്റ് മക്കള്‍ക്ക് സഹായം നല്‍കാനുമായി നീക്കം നടത്തിയപ്പോഴാണ് റവന്യൂ അധികൃതരുടെ നടപടി ദുരിതത്തിലാക്കിയതെന്ന് അവര്‍ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന കുടുബങ്ങള്‍ ഒപ്പിട്ടു നിവേദനം അധികൃതര്‍ക്ക് നല്‍കിയതായും തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ വില്ലേജ് ഓഫീസ് മുതല്‍ കലക്ടറേറ്റുവരെയുള്ള ഭരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഉപവാസമുള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങള്‍ നടത്തുമെന്നും ദുരിതം പേറുന്ന കുടുംബങ്ങള്‍ പറഞ്ഞു. കെ.എം. സലാം, മണി രാമല്ലൂര്‍, ആര്‍.കെ. ദാക്ഷായണി, കാദര്‍, ഷാജിദ സലാം, ബാബു രാമല്ലൂര്‍, സി. ജയദാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16743/families-in-the-ramalloor-area-of-nochchad-village-are-waiting-for-the-governments-mercy-perambra)