---
title: "ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്‌സിബിഷന്‍ പുതിയ ചരിത്രമായി "
english_title: "Hughes Group Painting Exhibition Makes New History"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168395/hughes-group-painting-exhibition-makes-new-history"
published_at: "2023-12-11T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576cc062289c_1_kall.JPG"
keywords: []
---

# ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്‌സിബിഷന്‍ പുതിയ ചരിത്രമായി 

> **Lead Summary:** **പേരാമ്പ്ര:** കലയുടെ മഹോത്സവത്തിന് തിരിതെളിഞ്ഞ പയ്യോര്‍മലയില്‍ വര്‍ണ്ണങ്ങളുടെ മഴവില്ല് ചാര്‍ത്തി ജില്ല കലോത്സവ സാംസ്‌കാരിക സദസ്സും പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പും സംയുക്കമായി സംഘടിപ്പിച്ച ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്‌സിബിഷന്‍ പുതിയ ചരിത്രമായി.

## Article Content

**പേരാമ്പ്ര:** കലയുടെ മഹോത്സവത്തിന് തിരിതെളിഞ്ഞ പയ്യോര്‍മലയില്‍ വര്‍ണ്ണങ്ങളുടെ മഴവില്ല് ചാര്‍ത്തി ജില്ല കലോത്സവ സാംസ്‌കാരിക സദസ്സും പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പും സംയുക്കമായി സംഘടിപ്പിച്ച ഹ്യൂസ് ഗ്രൂപ്പ് പെയിന്റിംഗ് എക്‌സിബിഷന്‍ പുതിയ ചരിത്രമായി.

കല മാത്രം ചര്‍ച്ചയാകുന്ന ഒരു മൈതാനത്ത് കൗമാര കലയെ നെഞ്ചേറ്റിയ പതിനായിരങ്ങള്‍ പ്രദര്‍ശനങ്ങള്‍ കാണാനെത്തി. ഇത് കലാസ്വാദകര്‍ക്കെന്ന പോലെ ചിത്രകാരന്മാര്‍ക്കും പുത്തന്‍ അനുഭവമായി മാറി.

ഒരു സ്‌കൂള്‍ കലോത്സവ നഗരിയില്‍ നടാടെയാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്. ചിത്രകാരന്മാര്‍ ആഴ്ചകളോ മാസങ്ങളോ നീണ്ട ഒരു ചിത്ര പ്രദര്‍ശനം ആര്‍ട്ട് ഗാലറികളില്‍ സംഘടിപ്പിച്ചാല്‍ ചിത്രകലയെ ഗൗരവമായി കാണുന്ന കുറച്ച് കലാസ്വാദകര്‍ പ്രദര്‍ശനം കാണാന്‍ എത്താറുണ്ട്.

അത് പരമാവധി ആയിരമോ ആയിരത്തഞ്ഞൂറോ ആളുകളുകളാണെങ്കില്‍ ഇവിടെ പതിനായിരങ്ങള്‍ എത്തി ചിത്രങ്ങള്‍ വീക്ഷിക്കുകയും ചിത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തതോടെ പ്രദര്‍ശനം പൂര്‍ണ്ണമായും ജനകീയമായി മാറിയതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.

കലോത്സവ നഗരിയില്‍ സംഗീത അധ്യാപരുള്‍പ്പെടെ സംഗീതജ്ഞരെ ഉള്‍പ്പെടുത്തി സംഗീത പരിപാടികള്‍ നടത്തി അവരെ ഇതിനകം തന്നെ കലോത്സവ വേദികളുമായി അടുപ്പിച്ചിരുന്നു.

എന്നാല്‍ ചിത്രകലയെ മത്സരത്തിനപ്പുറം കലോത്സവ നഗരിയിലേക്ക് ഇതുവരെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഈ വര്‍ഷത്തെ കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന് ആഥിതേയത്വം വഹിച്ച കലയുടെ മടിത്തട്ടായ, തുടിതാളം മുഴങ്ങുന്ന ചേര്‍മലയുടെ താഴ്വരയായ പേരാമ്പ്രയില്‍ സാംസ്‌കാരിക സദസ്സ് അതിന് നാന്തി കുറിച്ചു.

വരും വര്‍ഷങ്ങളിലെ കലാമേളകളില്‍ ഇത് തുടരാനാവശ്യമായ നടപടികള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. നാലു ദിവസം നീണ്ട പ്രദര്‍ശനത്തില്‍ ദി ക്യാമ്പിലെ 27 ഓളം ചിത്രകാരന്മാരുടെ 60 ല്‍ പരം ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിന് വെച്ചത്.

ഇതിന് പുറമേ ഈ ചിത്ര പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത കലോത്സവത്തില്‍ ചിത്രരചന മത്സര ഇനങ്ങളായ പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍, വാട്ടര്‍ കളര്‍, എണ്ണഛായം, കൊളാഷ് ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാനായി എന്നതാണ്.

മത്സരാര്‍ത്ഥികളും വിധി കര്‍ത്താക്കളും മാത്രം കാണുന്ന സൃഷ്ടികള്‍, മത്സരാര്‍ത്ഥികള്‍ക്ക് പിന്നീട് ഒരിക്കല്‍ പോലും കാണാന്‍ അവസരമില്ലാതിരുന്ന തങ്ങളുടെതും അതുപോലെ കൂടെ മത്സരിച്ചവരുടെതുമായ സൃഷ്ടികള്‍ കാണാനും അത് കലാസ്വാദകര്‍ക്ക് കാണാനും അവസരമൊരുക്കിയത് ചരിത്രത്തിന്റെ ഭാഗമായി.

കലോത്സവ നഗരിയിലെത്തിയ പൊതുജനങ്ങള്‍ക്കൊപ്പം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള ജനപ്രതിനിധികളും മറ്റ് കലാകാരന്മാരും പ്രദര്‍ശനം കാണാനെത്തി.

ക്രിയേറ്റീവ് ആര്‍ട്ട് മെസ്‌ട്രേസ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ് ) അംഗങ്ങളായ അഭിലാഷ് തിരുവോത്ത്, അനില്‍കുമാര്‍ ചക്കിട്ടപ്പാറ, ആര്‍ബി പേരാമ്പ്ര, അനീഷ് വയനാട്, ബഷീര്‍ ചിത്രകൂടം, ബാബു പുറ്റം പൊയില്‍, വി.വി. ബാബു, ബിജു കല്ലായ്, ദീപേഷ് സ്മൃതി, ദേവരാജ് കന്നാട്ടി, ദിനേശ് നക്ഷത്ര, വി.എ. ജസി, സി.കെ. കുമാരന്‍, കുഞ്ഞബ്ദുളള തച്ചോളി, ലിതേഷ് കരുണാകരന്‍, നിതേഷ് തെക്കേലത്ത്, രാമചന്ദ്രന്‍ പേരാമ്പ്ര, പ്രജീഷ് പേരാമ്പ്ര, പ്രേംരാജ് പേരാമ്പ്ര, കെ.സി. രാജീവന്‍, രജ്ഞിത്ത് പട്ടാണിപ്പാറ, കെ. റജി കുമാര്‍, രാജേഷ് രാജകല, സജീവ് കീഴരിയൂര്‍, ശ്രീജേഷ് ശ്രീതിലകം, ഡോ. സോമനാഥന്‍ പുളിയുള്ളതില്‍, സുരേഷ് കുമാര്‍ എന്നീ ചിത്രകാരന്മാരാണ് ചിത്ര പ്രദര്‍ശനം ഒരുക്കിയത്.

കലോത്സവ സാംസ്‌കാരിക സദസ്സിന്റെ ആഭിമുഖ്യത്തില്‍ ദിക്യാമ്പിലെ കലാകാരന്മാരെ ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങ് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സദസ് ചെയര്‍മാന്‍ കെ.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു.

എം.ജി. വല്‍രാജ്, കെ.സി. രാജീവന്‍, അഭിലാഷ് തിരുവോത്ത്, രജ്ഞിത്ത് പട്ടാണിപ്പാറ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സദസ്സ് കണ്‍വീനര്‍ ബിജു കാവില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എം. അഷറഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168395/hughes-group-painting-exhibition-makes-new-history)