---
title: "പിയുകെസി റോഡ് പദ്ധതിയില്‍ നിന്ന് പേരാമ്പ്ര പട്ടണത്തെ ഒഴിവാക്കണം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍"
english_title: "Merchants association wants to exclude Perampra town from PUKC road project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169344/merchants-association-wants-to-exclude-perampra-town-from-pukc-road-project"
published_at: "2023-12-15T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657be786b4f85_perambra.jpg"
keywords: []
---

# പിയുകെസി റോഡ് പദ്ധതിയില്‍ നിന്ന് പേരാമ്പ്ര പട്ടണത്തെ ഒഴിവാക്കണം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

> **Lead Summary:** **പേരാമ്പ്ര : **സംസ്ഥാന പാത നവീകരണം നടത്തുന്ന പിയുകെസി റോഡ് പദ്ധതിയില്‍ നിന്ന് പേരാമ്പ്ര പട്ടണത്തെ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **സംസ്ഥാന പാത നവീകരണം നടത്തുന്ന പിയുകെസി റോഡ് പദ്ധതിയില്‍ നിന്ന് പേരാമ്പ്ര പട്ടണത്തെ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പാത പട്ടണത്തിലൂടെ കടന്നുപോയാല്‍ പേരാമ്പ്ര പട്ടണം തന്നെ ഇല്ലാതാവുന്ന അവസ്ഥയുണ്ടാവുമെന്ന് യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ട്രഷറര്‍ സലീം മണവയല്‍, എന്‍.പി വിധു എന്നിവര്‍ പറഞ്ഞു. നിലവിലുള്ള റോഡ് വീതി കൂട്ടിയാണ് പദ്ധതി നടപ്പിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സര്‍വ്വേ നടപടികള്‍ നടത്തുന്നത്.

ഇത് നിലവിലെ റോസിന്റെ ഓരോ ഭാഗത്തും മൂന്നു മുതല്‍ ആറ് മീറ്റര്‍ വരെ ഭൂമി ഏറ്റെടുത്താണ് ചെയ്യുക. ഇങ്ങനെ വരുമ്പോള്‍ വര്‍ഷങ്ങളുടെ വ്യാപാര പാരമ്പര്യമുള്ള പേരാമ്പ്ര പട്ടണത്തില്‍ പ്രസ്തുത റോഡിന്റെ ഇരുഭാഗത്തും യാതൊരു വ്യാപാര സ്ഥാപനവും ബാക്കി ഉണ്ടാവില്ല. പേരാമ്പ്ര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായ് കോടികള്‍ ചെലവഴിച്ച് ബദല്‍ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രസ്തുത പിയുകെസി റോഡ് അതുവഴി നടപ്പിലാക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

നിലവില്‍ ഒരു റോഡിന് ബദല്‍ റോഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള വികസന പ്രവര്‍ത്തനങ്ങളെല്ലാം ഇത്തരം ബദല്‍ റോഡുകളിലൂടെയാണ് നടത്താറുള്ളതെന്നും , എല്ലാ പട്ടണങ്ങളിലും ഇതേ മാതൃകയിലാണ് പ്രവര്‍ത്തികള്‍ നടക്കാറുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തിയതായും വകുപ്പ് മന്ത്രിക്കും, എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയതായുംഇവര്‍അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169344/merchants-association-wants-to-exclude-perampra-town-from-pukc-road-project)