---
title: "യാഥാര്‍ഥ്യമാകുന്നത് പേരാമ്പ്രക്കാരുടെ സ്വപ്നം; പേരാമ്പ്ര ബൈപാസ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു"
english_title: "Construction work on Perambra Bypass is in progress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16938/construction-work-on-perambra-bypass-is-in-progress"
published_at: "2021-12-20T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c009886940f_kk.jpg"
keywords: []
---

# യാഥാര്‍ഥ്യമാകുന്നത് പേരാമ്പ്രക്കാരുടെ സ്വപ്നം; പേരാമ്പ്ര ബൈപാസ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരവും പേരാമ്പ്രയുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ദ്രുതഗതിയില്‍.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരവും പേരാമ്പ്രയുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ദ്രുതഗതിയില്‍.

കോഴിക്കോട് കുറ്റ്യാടി റോഡില്‍ കക്കാട് ഭാഗത്ത് നിന്ന് തുടങ്ങി കല്ലോട് എല്‍ഐസി ഓഫിനടുത്ത് എടവരാട് റോഡ് ജംഗ്ഷന് എതിര്‍ ദിശയില്‍ കുറ്റ്യാടി റോഡില്‍ അവസാനിക്കുന്ന രീതിയിലാണ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും കോടതി നടപടികള്‍ക്കും വഴിവെച്ചതുമായ ബൈപ്പാസിന്റെ പ്രവര്‍ത്തി തുടങ്ങിയതോടെ ജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. 2 73 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പൂര്‍ത്തിയാക്കുന്നത്.

മരങ്ങളും മറ്റും മുറിച്ചു നീക്കിയ ശേഷം പാത ഒരുക്കുന്ന പ്രവര്‍ത്തി ഏതാണ്ട് പൂര്‍ണമായി. റോഡിന്റെ പാര്‍ശ്വഭിത്തി കെട്ടുന്നതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.

മണ്ണ് കൂടുതലുള്ള സ്ഥലത്തു നിന്നും എടുത്ത് വയല്‍ നികത്തിയാണ് പാതയുടെ നിര്‍മ്മാണം. മേഞ്ഞാണ്യം, എരവട്ടൂര്‍ വില്ലേജില്‍ 3.7534 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുത്തത്.

ഇതില്‍ 3.68 ഹെക്ടര്‍ വയല്‍ പ്രദേശമാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്. മൊത്തം 12 മീറ്റര്‍ വീതിയുള്ള റോഡിന്റെ ടാറിംഗ് ഏഴ് മീറ്ററുണ്ടാകും.

വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവക്കെല്ലാം കുറുകെയാണ് ബൈപ്പാസ് റോഡ് കടന്നുപോകുന്നത്. 99.15 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. ഇതില്‍ 40.86 കോടി സ്ഥലമെടുപ്പിനാണ് ഉപയോഗപ്പെടുത്തിയത്.

ആദ്യ ഘട്ടത്തില്‍ 68 കോടിയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചിരുന്നത്. പിന്നീട് തുക വര്‍ദ്ധിപ്പിക്കുകയായിരുന്നു. 2008-ലാണ് ബൈപ്പാസ് റോഡ് നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ ഈ അലൈന്‍മെന്റ് ദൂരം കൂടുതലുള്ളതും കൂടുതല്‍ വയലുകളും വീടുകളും നഷ്ടപ്പെടുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തുകയും ബദല്‍ അലൈയ്ന്‍മെന്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കാര്യമായ നഷ്ടം വരാതെ റോഡ് പൂര്‍ത്തിയാക്കാമെന്ന രീതിയില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ബദല്‍ അലൈന്‍മെന്റ് ചില മാറ്റങ്ങളോടെ കോടതി അംഗീകരിച്ചതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുകയായിരുന്നു. 18.58 കോടിയാണ് റോഡ് നിര്‍മാണത്തിനുള്ള അടങ്കല്‍ തുക.

പ്രവര്‍ത്തി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കരാറുകാര്‍. ഏതാനും മാസങ്ങള്‍ക്കകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16938/construction-work-on-perambra-bypass-is-in-progress)