---
title: "കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും; മന്ത്രി ഡോ. ആര്‍. ബിന്ദു "
english_title: "Will make Kerala a better diversity friendly state; Minister Dr. R. Point eringalakkuda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16994/will-make-kerala-a-better-diversity-friendly-state-minister-dr-r-point-eringalakkuda"
published_at: "2021-12-20T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c04578acb3f_0000 WATERMARK.jpg"
keywords: []
---

# കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും; മന്ത്രി ഡോ. ആര്‍. ബിന്ദു 

> **Lead Summary:** ** ഇരിങ്ങാലക്കുട:** കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കിമാറ്റുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങള്‍ മുഴുവന്‍ മെഡിക്കല്‍ കോളെജുകളിലും തുടങ്ങുമെന്നും രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

## Article Content

** ഇരിങ്ങാലക്കുട:** കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കിമാറ്റുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങള്‍ മുഴുവന്‍ മെഡിക്കല്‍ കോളെജുകളിലും തുടങ്ങുമെന്നും രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

ഭിന്നശേഷി വിഭാഗത്തിന് സേവനം അവരുടെ പ്രദേശങ്ങളില്‍ തന്നെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സേവനം അതാത് പ്രദേശങ്ങളില്‍ ലഭ്യമാക്കുന്ന റീഹാബ് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷനായി. തൃശൂര്‍ കല്ലേറ്റും കരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ആര്‍ടിസി യുടെ ലോ ഫ്ളോര്‍ എസി ബസ്സാണ് റിഹാബ് എക്സ്പ്രസായി ഒരുക്കിയിരിക്കുന്നത്. ഫിസിയോതെറാപ്പി, ഒക്യുപേഷനല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്രോസ്തെറ്റിക് അസസ്മെന്റ് ഉള്‍പ്പടെയുള്ള ചികിത്സാ സേവനങ്ങളാണ് റിഹാബ് എക്സ്പ്രസില്‍ ഉള്ളത്. ഡോക്ടര്‍മാരും വിവിധ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ സേവനം റീഹാബ് എക്സ്പ്രസിലുണ്ടാകും. തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലാണ് റിഹാബ് എക്സ്പ്രസ് ക്യാമ്പ് ചെയ്യുക.

സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ എസ്. സഹിറുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, ജില്ല സാമൂഹ്യനീതി ഓഫീസര്‍ കെ.ജി. രാഗപ്രിയ, പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നിപ്മര്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സി. ചന്ദ്രബാബു സ്വാഗതവും ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16994/will-make-kerala-a-better-diversity-friendly-state-minister-dr-r-point-eringalakkuda)