---
title: "സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെ "
english_title: "Sargalaya International Arts and Crafts Fair from December 22 to January 8"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170869/sargalaya-international-arts-and-crafts-fair-from-december-22-to-january-8"
published_at: "2023-12-20T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582fe364e9ee_000_7_CHEMMANUR.JPG"
keywords: []
---

# സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെ 

> **Lead Summary:** ** വടകര**: കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും.

## Article Content

** വടകര**: കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും.

റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും. കുടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ല്‍പ്പരം കരകൗശല വിദഗ്ധരും എത്തുന്നുണ്ട്.

നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളില്‍ ഇടം നേടിയ അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് സര്‍ഗാലയയുടെ 11-ാമത് എഡിഷന്‍ കലാ-കരകൗശല മേള സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 22ന് മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കും. പയ്യോളി നഗരസഭാ ചെയര്‍മാന്‍ വി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പാര്‍ട്ണര്‍ രാജ്യമായി ശ്രീലങ്ക മേളയില്‍ പങ്കെടുക്കും.

കരകൗശല വിദദ്ധര്‍ ഒരുക്കുന്ന കരകൗശല പ്രദര്‍ശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡിക്രാഫ്ട്സ് ഒരുക്കുന്ന കരകൗശല പ്രദര്‍ശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദര്‍ശന പവിലിയന്‍, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാര്‍ത്ഥി പ്രതിഭകളുടെ കരകൗശല പ്രദര്‍ശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള 'ഗ്രീന്‍ മൊബിലിറ്റി എക്‌സ്‌പോ'', കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍, കേരളീയ ഭക്ഷ്യ മേള, ഉസ്‌ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡല്‍, മോട്ടോര്‍ ബോട്ട് എന്നിവയും ഒരുക്കുന്നുണ്ട്.

മെഡിക്കല്‍ സപ്പോര്‍ട്ട് ഡെസ്‌കും സൗജന്യ ബി.എല്‍.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ, സര്‍ഗാലയ ചിഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.പി.ഭാസ്‌ക്കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി.സുരേഷ് ബാബു, ക്രാഫ്ട്‌സ് ഡിസൈനര്‍ കെ.കെ.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170869/sargalaya-international-arts-and-crafts-fair-from-december-22-to-january-8)