---
title: "ഖജനാവ് താഴിട്ട് പൂട്ടിയാണ് മുഖ്യമന്ത്രി ആര്‍ഭാട സദസ്സ് നടത്തുന്നത്: വി.ഡി സതീശന്‍ "
english_title: "Chief minister conducts arbhada audience with the coffers down and locked: VD Satheesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171155/chief-minister-conducts-arbhada-audience-with-the-coffers-down-and-locked-vd-satheesan"
published_at: "2023-12-21T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584521a0dbb3_000_7_CHEMMANUR.JPG"
keywords: []
---

# ഖജനാവ് താഴിട്ട് പൂട്ടിയാണ് മുഖ്യമന്ത്രി ആര്‍ഭാട സദസ്സ് നടത്തുന്നത്: വി.ഡി സതീശന്‍ 

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാനത്തിന്റെ ഖജനാവ് താഴിട്ട് പൂട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ഭാട സദസ്സ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര: **സംസ്ഥാനത്തിന്റെ ഖജനാവ് താഴിട്ട് പൂട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ഭാട സദസ്സ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകളെല്ലാം മുടങ്ങി. നികുതി പിരിവ് ദയനീയമായി പരാജയപ്പെട്ടു. ഓട പണിയാനുള്ള പണം പോലും സര്‍ക്കാരിന്റെ കൈവശമില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്.

വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സപ്ലൈക്കോയെ തകര്‍ത്ത് തരിപ്പണമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ കിറ്റിന്റെ പണം പോലും നല്‍കിയിട്ടില്ല. വൈദ്യുതി ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്.

ഏഴര വര്‍ഷം കൊണ്ട് വൈദ്യുതി ബോര്‍ഡിന്റെ കടം നാലായിരം കോടിയായി വര്‍ധിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒന്‍പത് ലക്ഷം പേര്‍ ഇപ്പോഴും വീടിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഏഴ് ഗഡുവായി വര്‍ധിച്ചു.

എല്ലാ അഴിമതികളുടെയും പണം എത്തുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ്. എ.ഐ ക്യാമറ ജനങ്ങളുടെ പണം പിടുങ്ങാനുള്ള ഉപാധി മാത്രമായി. മഹാരാജാവ് എഴുന്നള്ളുന്നതുപോലെ നടക്കുന്ന മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയാണ്.

പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഉണക്കച്ചങ്കനാണ്. കെ.എസ്.യുക്കാരേയും യൂത്ത് കോണ്‍ഗ്രസുകാരേയും അടിച്ചാല്‍ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കില്‍ ആ ധാരണ തെറ്റാണെന്ന് സി.പി.എമ്മും പിണറായിയും മനസ്സിലാക്കണം. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യും.

വധശ്രമത്തിന് പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവര്‍ത്തനം ആയിരുന്നെന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകള്‍ ഞങ്ങളുടെ കുട്ടികളെ ആക്രമിക്കുകയാണ്.

പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലില്‍ പോകാനും പേടിയില്ല. ഇല്ലാത്ത കേസില്‍ കുട്ടികളെ ജയിലിലാക്കിയാല്‍ അവര്‍ക്കൊപ്പം താനും ഉണ്ടാകും.

കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ കൊള്ളക്കാരെ താഴെയിറക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും സതീശന്‍ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം അധ്യക്ഷനായി.

മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, സത്യന്‍ കടിയങ്ങാട്, കെ.എ ജോസുകുട്ടി, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, വി.സി ചാണ്ടി, പി.എം ജോര്‍ജ്, മുനീര്‍ എരവത്ത്, കെ. മധുകൃഷ്ണന്‍, ആര്‍.കെ മുനീര്‍, രാജന്‍ മരുതേരി, സി. എച്ച് ഇബ്രാഹിംകുട്ടി, കെ.കെ വിനോദന്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കെ.എം സുരേഷ് ബാബു, മിസ്ഹബ് കീഴരിയൂര്‍, ഇ.വി രാമചന്ദ്രന്‍, രാജീവ് തോമസ്, ഇ. അശോകന്‍, കെ.പി രാമചന്ദ്രന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171155/chief-minister-conducts-arbhada-audience-with-the-coffers-down-and-locked-vd-satheesan)