---
title: "ചെറുവണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അലങ്കോലപ്പെട്ടു"
english_title: "The meeting of the Gram Panchayat Administrative Committee was disrupted in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172409/the-meeting-of-the-gram-panchayat-administrative-committee-was-disrupted-in-cheruvannur"
published_at: "2023-12-26T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ad48522e7d_cheruvannur.jpg"
keywords: []
---

# ചെറുവണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അലങ്കോലപ്പെട്ടു

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂരില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂരില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.

ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്നതിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തിന്റെ മിനുട്സ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി തയ്യാറായില്ലെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചത്.

നവംബര്‍ 4, 21 തിയ്യതികളില്‍ നടന്ന ഭരണസമിതി യോഗത്തിന്റെ മിനുട്സാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഈ യോഗത്തില്‍ നവകേരള സദസ്സ് സംഘാടനവുമായ അജണ്ടയിലാണ് തീരുമാനമായത്. ഈ തീരുമാനത്തില്‍ തിരുത്തലുകള്‍ വരുത്താനുണ്ടെന്നും അതിന് ശേഷം നല്‍കാമെന്നും പ്രസിഡന്റ് അറിയിച്ചതായും ഭരണസമിതി തീരുമാനത്തില്‍ പിന്നീട് പ്രസിഡന്റ് മാറ്റം വരുത്തുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

ഇതില്‍ പ്രതിഷേധിച്ച് യോഗം തടസ്സപ്പെടുത്തുകയും സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. കഴിഞ്ഞ യോഗത്തിലും മിനുട്സിന് ആവശ്യപ്പെട്ടെങ്കിലും അടുത്ത യോഗത്തില്‍ തരാമെന്ന് അറിയിക്കുകയായിരുന്നു. അന്ന് വിയോജന കുറിപ്പ് നല്‍കി എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോരുകയായിരുന്നു. ഇന്ന് പൊലീസ് എത്തിയശേഷമാണ് യോഗം തുടര്‍ന്നത്. യോഗം ബഹിഷ്‌ക്കരിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രകടനവുമായി ഇറങ്ങിപ്പോക്ക് നടത്തി.

തുടര്‍ന്ന് അംഗങ്ങള്‍ വിഷയം ജനങ്ങളോട് വിശദീകരിച്ചു. അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, കെ.എം. ബിജിഷ, പി. മോനിഷ, കെ.പി. ബിജു, വി.പി. പ്രബിത, എം.എം. രഘുനാഥ്, ഇ.ടി. ഷൈജ എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സ് അജണ്ടയായി നടത്തിയ യോഗത്തില്‍ എടുക്കാത്ത തീരുമാനങ്ങളാണ് മിനുട്സില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അത് തിരുത്താന്‍ സോഫ്റ്റ്വെയറില്‍ കഴിയുന്നില്ലെന്നും അതിനുള്ള നടപടികള്‍ നടത്തി വരുകയാണെന്നും അതിന് ശേഷം എല്ലാ അംഗങ്ങള്‍ക്കും മിനുട്സിന്റെ കോപ്പി നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അറിയിച്ചു. നിസാര കാര്യങ്ങളുടെ പേരില്‍ ഗ്രാമപഞ്ചായത്ത് ഭരണം തടസ്സപ്പെടുത്താനാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുനുള്ള ശ്രമമാണ് ഇന്ന് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172409/the-meeting-of-the-gram-panchayat-administrative-committee-was-disrupted-in-cheruvannur)