---
title: "പേരാമ്പ്രയില്‍ ലിനി സിസ്റ്റര്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു "
english_title: "The Lini Sister Memorial Bus Stand in Perambalur was dedicated to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17244/the-lini-sister-memorial-bus-stand-in-perambalur-was-dedicated-to-nadu"
published_at: "2021-12-21T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2127533a32_WATER MARK.JPG"
keywords: []
---

# പേരാമ്പ്രയില്‍ ലിനി സിസ്റ്റര്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** ** പേരാമ്പ:** നിപാ രോഗി പരിചരണത്തിനിടെ രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രി താല്ക്കാലിക ജീവനക്കാരി സിസ്റ്റര്‍ ലിനിക്ക് കല്ലോട് സ്മാരകമുയര്‍ന്നു.

## Article Content

** പേരാമ്പ:** നിപാ രോഗി പരിചരണത്തിനിടെ രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രി താല്ക്കാലിക ജീവനക്കാരി സിസ്റ്റര്‍ ലിനിക്ക് കല്ലോട് സ്മാരകമുയര്‍ന്നു.

ലിനിയുടെ സ്മാരകമായി പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് സമീപം കല്ലോടാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. പേരാമ്പ്ര - കുറ്റ്യാടി പാതയില്‍ കല്ലോട് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഇരുപത്തിനാല് ലക്ഷം രൂപയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണ ചിലവ്. പ്രമുഖ ആര്‍ക്കിടെക്ട് സന്തോഷ് സിറിയക്കാണ് ബസ് ബേ രൂപകല്‍പന ചെയ്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, എ.കെ. തറുവയ് ഹാജി, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, ശിവദാസന്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്തംഗം കെ.എന്‍ ശാരദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17244/the-lini-sister-memorial-bus-stand-in-perambalur-was-dedicated-to-nadu)