---
title: "പി.സി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "PC Bhaskaran Foundation started functioning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172826/pc-bhaskaran-foundation-started-functioning"
published_at: "2023-12-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d0b9b7a3b4_pc.jpg"
keywords: []
---

# പി.സി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പാലേരി :** സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല അധ്യക്ഷനുമായിരുന്ന പരേതനായ പി.സി ഭാസ്‌ക്കരന്റെ പേരില്‍ പി.സി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പാലേരി :** സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല അധ്യക്ഷനുമായിരുന്ന പരേതനായ പി.സി ഭാസ്‌ക്കരന്റെ പേരില്‍ പി.സി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

പി.സി ഭാസ്‌കരന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പാലേരിയില്‍ നടന്ന ചടങ്ങില്‍ പി.സി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ പ്രഖ്യാപനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിര്‍വ്വഹിച്ചു.

സാംസ്‌കാരിക സദസ്സുകളിലൂടെയും പുതു ചിന്തകളിലൂടെയും പാലേരിയുടെ വൈകുന്നേരങ്ങള്‍ക്ക് നിറം പകര്‍ന്ന വ്യക്തിയായിരുന്നു പി.സി.ഭാസ്‌കരനെന്നും ഒരു ജനകീയ പോരാളി കൂടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റഫീഖുദ്ധീന്‍ പാലേരി അദ്ധ്യക്ഷത വഹിച്ചു.

എന്‍.പി.വിജയന്‍, എം.കെ.ഖാസിം, ഡോ. ബാലന്‍, പി.സി. ബിനീഷ്, ടി.കെ.കെ.മുഹമ്മദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോഗോ പ്രകാശനവും ജനകീയ സമരങ്ങളും സമകാലീന കേരളവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയും സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. നിരവധി ജനകീയ സമരങ്ങളിലൂടെയാണ് കേരളം ഇന്നത്തെ കേരളമായി മാറിയതെന്നും എന്നാല്‍ പുതിയ കാലത്ത് ജനകീയസമരങ്ങള്‍ എന്നത് ഭരണകൂടത്തിന്റെ അനിഷ്ടങ്ങള്‍ക്ക് കാരണമാവുന്ന കേവല കലാപങ്ങളായി ചിത്രീകരിക്കപ്പെടുകയാണെന്നും ഇത് ഒരു ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. പി.സി.യുടെ സഹധര്‍മിണി പി.സി. തങ്കമണി ലോഗോ ഏറ്റുവാങ്ങി.

ടി. നാരായണന്‍ വട്ടോളി, മൊയ്തു കണ്ണങ്കോടന്‍, സി.കെ.കരുണാകരന്‍, ടി.കെ.മാധവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സെഡ്. എ. സല്‍മാന്‍ സ്വാഗതവും വി.പി.റഫീഖ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172826/pc-bhaskaran-foundation-started-functioning)