---
title: "കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്ര മഠത്തില്‍ മുക്കില്‍ "
english_title: "Kozhikode District Dairy Farmers Meet on January 4th and 5th at Perampra Math in Mukkil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174128/kozhikode-district-dairy-farmers-meet-on-january-4th-and-5th-at-perampra-math-in-mukkil"
published_at: "2024-01-02T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659408aba5f2f_000_7_CHEMMANUR.JPG"
keywords: []
---

# കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്ര മഠത്തില്‍ മുക്കില്‍ 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്ര മഠത്തില്‍ മുക്ക് സുദിനം ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്ര മഠത്തില്‍ മുക്ക് സുദിനം ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷക സംഗമത്തിന് ആവള ക്ഷീരോല്പാദക സഹകരണ സംഘമാണ് ആതിഥേയത്വം വഹിക്കുന്നത്.

പേരാമ്പ്ര എം.എല്‍എ ടി. പി. രാമകൃഷ്ണന്‍ അധ്യക്ഷനാവും. കെ. മുരളീധരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍ എന്നിവരും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും ജില്ലയിലെ വിവിധ ക്ഷീര സഹകരണ സംഘം പ്രസിഡണ്ടുമാരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും.

വിവിധ വിഭാഗങ്ങളില്‍ ജില്ലയില്‍ ഒന്നാമതെത്തിയ ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും തദവസരത്തില്‍ ആദരിക്കുന്നതാണ്. ജനുവരി 4-ന് ആവള കുട്ടോത്ത് ഗവ: ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് സംഘടിപ്പിക്കുന്ന കന്നുകാലി പ്രദര്‍ശനം നടക്കും. തുടര്‍ന്ന് എക്‌സിബിഷന്‍ നടക്കും.

ക്ഷീര സംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല, ക്വിസ് മത്സരം, ക്ഷീര സംഘം ജീവനക്കാരുടെയും വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വിവിധ കലാപരിപാടികള്‍ എന്നിവയും നടത്തപ്പെടും.

ജനുവരി 5-ന് രാവിലെ 9-30 മുതല്‍ ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ക്ഷീര വികസന സെമിനാറില്‍ സാങ്കേതിക രംഗത്തെ വിദഗ്ദര്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു.

തുടര്‍ന്ന് നൂതന ആശയങ്ങള്‍ ക്ഷീര മേഖലയില്‍ പ്രാവര്‍ത്തികമാക്കിയ കര്‍ഷകര്‍ അവരുടെ വിജയ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുന്ന 'നാട്ടിലെ ശാസ്ത്രജ്ഞന്‍'' എന്ന പരിപാടിയും സംഘടിപ്പിക്കുന്നു. 5-ന് രാവിലെ 12 മണിക്ക് ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടന സമ്മേളനവും, തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങും കൂപ്പണ്‍ നറുക്കെടുപ്പും നടക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ക്ഷീര വികസന വകുപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വഴി 394.94 ലക്ഷം രൂപയും ത്രിതല പഞ്ചായത്ത് വഴി 948.50 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തില്‍ 252 ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നായി പ്രതിദിനം 1,16,000. ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നു.

2022-23- ല്‍ 254 സംഘങ്ങളില്‍ നിന്നായി പ്രതിദിന പാല്‍ സംഭരണം 1,19,200 ലിറ്ററായി വര്‍ദ്ധിച്ച് പ്രതിദിന സംഭരണത്തില്‍ 3200 ലിറ്റര്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

വാര്‍ത്ത സമ്മേളനത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി ബാബു, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി ഷിജിത്ത്, സംഘാടക സമിതി ചെയര്‍മാന്‍ ആവള ക്ഷീര സംഘം പ്രസിഡണ്ട് കെ. നാരായണകുറുപ്പ്, ജനറല്‍ കണ്‍വീനര്‍ ജീജ കെ.എം. ഡെപ്യൂട്ടി ഡയറക്ടര്‍ (I/C) ക്ഷീര വികസന വകുപ്പ്, കോഴിക്കോട് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീകാന്തി. എന്‍., അസിസ്റ്റന്റ് ഡയറക്ടര്‍ / ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കോഴിക്കോട്, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍മാരായ ഹിത എസ്., റിജുല.എ , വിജയന്‍ ആവള എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174128/kozhikode-district-dairy-farmers-meet-on-january-4th-and-5th-at-perampra-math-in-mukkil)