---
title: "പിതാവില്‍ നിന്ന് ജീവനാംശം ലഭിക്കാത്തതിനെ തുടര്‍ന്ന് 10 വയസ്സുകാരി പള്ളിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി "
english_title: "The 10-year-old girl went on a sit-in protest in front of the church after not receiving alimony from her father"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17668/the-10-year-old-girl-went-on-a-sit-in-protest-in-front-of-the-church-after-not-receiving-alimony-from-her-father"
published_at: "2021-12-24T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5c55ab9c0e_kk.jpg"
keywords: []
---

# പിതാവില്‍ നിന്ന് ജീവനാംശം ലഭിക്കാത്തതിനെ തുടര്‍ന്ന് 10 വയസ്സുകാരി പള്ളിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി 

> **Lead Summary:** **പേരാമ്പ്ര : **പിതാവില്‍ നിന്ന് ജീവനാംശം ലഭിക്കാത്തതിനെ തുടര്‍ന്ന് ചാലിക്കരയില്‍ പള്ളിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി 10 വയസ്സുകാരി. തുറയൂര്‍ പാലച്ചുവട് തോലേരിയിലെ കീളത്ത് ഇസ്മയിലിന്റെ മകളാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.

## Article Content

**പേരാമ്പ്ര : **പിതാവില്‍ നിന്ന് ജീവനാംശം ലഭിക്കാത്തതിനെ തുടര്‍ന്ന് ചാലിക്കരയില്‍ പള്ളിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി 10 വയസ്സുകാരി. തുറയൂര്‍ പാലച്ചുവട് തോലേരിയിലെ കീളത്ത് ഇസ്മയിലിന്റെ മകളാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.

കോടതി ഉത്തരവ് പ്രകാരം കുട്ടിക്ക് ലഭിക്കേണ്ട ജീവനാംശം കിട്ടുന്നില്ലെന്നും പിതാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്നും, ജീവനാംശം നല്‍കാതെ രണ്ടാം വിവാഹത്തിന് മഹല്ല് കമ്മിറ്റി അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് സമരം.

ഇസ്മയിലും നൊച്ചാട് സ്വദേശിനി തൈക്കണ്ടി മീത്തല്‍ ഹാസിഫയും 2010 ഡിസംബര്‍ 20 വിവാഹിതരായതാണ്. പിന്നീട് ഇരുവരും അകന്ന് കഴിയുകയായിരുന്നു.

തന്നെയും മകളെയും നോക്കാത്തതിനെ തുടര്‍ന്ന് ഹാസിഫ കോടതിയെ സമീപിക്കുകയായിരുന്നു. 2016 ഏപ്രില്‍ 26 ലെ വടകര കുടുംബ കോടതി ഉത്തരവ് പ്രകാരം ഹാസിഫക്ക് 4000 രൂപയും മകള്‍ക്ക് 3000 രൂപയും പ്രതിമാസം നല്‍കണം.

എന്നാല്‍ നാളിതുവരെയായി ഈ തുക നല്‍കിയിട്ടില്ലെന്ന് ഹാസിഫയുടെ പിതാവ് പറഞ്ഞു. ജീവനാംശം നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും ഇസ്മയിനെ ആറ് മാസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

പതിനെട്ട് വയസുവരെ കുട്ടിക്ക് ജീവനാംശത്തിന് അവകാശമുണ്ട്. കുട്ടിക്ക് ജീവനാംശം നല്‍കാതെയും മഹര്‍ തിരിച്ച് നല്‍കാതെയുമാണ് മറ്റൊരു വിവാഹത്തിന് മഹല് കമ്മിറ്റി കൂട്ടു നില്‍ക്കുന്നതായും ഹാസിഫയുടെ പിതാവ് അബൂബക്കര്‍ ആരോപിച്ചു.

മഹല് കമ്മിറ്റിയോടും കത്തീബിനോടും പരാതി പറഞ്ഞിരുന്നതായും അബൂബക്കര്‍ പറഞ്ഞു. എന്നിട്ടും ഇസ്മയില്‍ ഡിസംബര്‍ 22 ന് മറ്റൊരു യുവതിയുമായി നിക്കാഹ് നടത്തിയതായും കുഞ്ഞുമോള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗവും മഹല് കമ്മിറ്റി പ്രതിനിധികളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതിനെ തുടര്‍ന്നാണ് 10 വയസ്സുകാരി പള്ളിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

പ്രശ്ന പരിഹാരത്തിന് നിയമ നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഇവരെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

മഹല് സംബന്ധമായ വിഷയമല്ലെന്നും കുട്ടിയുടെ ജീവനാംശത്തിന് നിയപരമായ നടപടികള്‍ സ്വീകരിക്കണമെന്നും, രണ്ടാമത് വിവാഹം കഴിക്കുന്ന കാര്യത്തില്‍ മതാചാരപരമായ എല്ലാ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളരെ ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്ത് നിക്കാഹ് നടത്തിയത് എന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.കെ. ഇബ്രായി പറഞ്ഞു

. മഹര്‍ തിരിച്ച് നല്‍കിയതിന്റെ രേഖകളും ഇയാള്‍ സമര്‍പ്പിച്ചതായി പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17668/the-10-year-old-girl-went-on-a-sit-in-protest-in-front-of-the-church-after-not-receiving-alimony-from-her-father)