---
title: "ജാനകി വയല്‍ പട്ടയ പ്രശ്‌നം ; രാഷ്ട്രീയ ജനതാദള്‍ പ്രക്ഷോഭത്തിലേക്ക്"
english_title: "Janaki Field Pattaya Problem; Rashtriya Janata Dal to agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177165/janaki-field-pattaya-problem-rashtriya-janata-dal-to-agitation"
published_at: "2024-01-16T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a63c4b50054_1_pattayam.JPG"
keywords: []
---

# ജാനകി വയല്‍ പട്ടയ പ്രശ്‌നം ; രാഷ്ട്രീയ ജനതാദള്‍ പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** ** ചങ്ങരോത്ത് : **ജാനകി വയല്‍ നിവാസികളായ മുഴുവന്‍ സ്ഥിരതാമസക്കാര്‍ക്കും പട്ടയം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

## Article Content

** ചങ്ങരോത്ത് : **ജാനകി വയല്‍ നിവാസികളായ മുഴുവന്‍ സ്ഥിരതാമസക്കാര്‍ക്കും പട്ടയം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

ജാനകി വയല്‍ എന്നറിയപ്പെടുന്ന ജാനകിയമ്മയുടെ പേരില്‍ ഉള്ള സ്ഥലത്തിന്റെ ആകെ വിസ്തീര്‍ണ്ണം 53.66 ഏക്കറാണ്. ഇതില്‍ വെറും 3 ഏക്കറിനു താഴെ മാത്രം വരുന്ന ഭൂമിയിലാണ് സ്ഥിരതാമസക്കാരായ 42 കുടുംബങ്ങള്‍ അര നൂറ്റാണ്ടോളമായി താമസിച്ചു വരുന്നത്.

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും വെള്ളവും വെളിച്ചവും റേഷന്‍ കാര്‍ഡും ലഭിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമമനുസരിച്ച് 2 പതിറ്റാണ്ടു മുമ്പ് ഇവിടെയുള്ള താമസക്കാര്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ സ്വകാര്യ വ്യക്തിയുടെ പുറമ്പോക്കുഭൂമിയില്‍ പതിറ്റാണ്ടുകളായി ജീവിതം തള്ളിനീക്കുന്ന ഇക്കൂട്ടരുടെ മക്കളുടെ വിദ്യാഭ്യാസത്തിനോ കൃഷി ആവശ്യത്തിനോ വീടു നിര്‍മ്മിക്കാനോ പറമ്പു പണയപ്പെടുത്തി ലോണെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

പട്ടയമനുവദിക്കുന്നതിനു വേണ്ടി 2016 ല്‍ അന്നത്തെ വടകര എംഎല്‍എ ആയിരുന്ന എം.കെ. പ്രേംനാഥ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. അതിന്റെ ഫലമായി താലൂക്ക് ഓഫീസില്‍ നിന്നും സര്‍വ്വേ നടപടികളാരംഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. ഈയടുത്തകാലത്ത് പട്ടയം നല്‍കല്‍ ത്വരിതപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായെങ്കിലും ലിസ്റ്റിലെ അപാകത പരിഹരിക്കാനാവാത്തതിനാല്‍ നടപടികളായില്ല.

കഴിഞ്ഞ നാല്പതു വര്‍ഷത്തിലധികമായി ഈ ഭൂമിയില്‍ ചോരയും നീരുമൊഴുക്കി തങ്ങളുടെ നല്ല നാളുകള്‍ ചെലവഴിച്ച ഈ കുടുംബങ്ങള്‍ താമസംവിനാ തങ്ങള്‍ക്കും പട്ടയം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ജീവിതം തള്ളിനീക്കുന്നത്. ജാനകി വയല്‍ ഭൂമി സര്‍വ്വേ നടത്തി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും രേഖയില്‍ പറഞ്ഞ പ്രകാരമുള്ള 53.66 എക്കറും കണ്ടെത്തി ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍ സുതാര്യമായ സര്‍വ്വേ നടത്തി സര്‍ക്കാര്‍ ,ജാനകി അമ്മയുടെ പേരിലുണ്ടായിരുന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്നും കുഴിക്കൂര്‍ അവകാശികള്‍ക്ക് മാനദണ്ഡമനുസരിച്ച് കൃഷി ഭൂമി നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ജാനകി വയലിലെ സ്ഥിര താമസക്കാരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയ മനുവദിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ആര്‍ജെഡി ചങ്ങരോത്ത് പഞ്ചായത്ത് പ്രവര്‍ത്തകയോഗം അധികൃതരോടാവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ചു കൊണ്ട് ജനുവരി 19 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അവര്‍അറിയിച്ചു. ധര്‍ണ സമരം ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യും.

പ്രവര്‍ത്തകയോഗത്തില്‍ പ്രസിഡണ്ട് കെ.ജി രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. സി.ഡി. പ്രകാശ്, പി.സി. സതീഷ്, ഷാജന്‍ മാത്യു, എന്‍.പി ബാലന്‍, കമല ജാനകി വയല്‍, എന്‍.പി ഗണേശന്‍, കെ. ശാന്ത, ഷര്‍മ്മിള ജാനകി വയല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177165/janaki-field-pattaya-problem-rashtriya-janata-dal-to-agitation)