---
title: "കലക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍"
english_title: "RJD activists organized a dharna in front of the Collectorate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178151/rjd-activists-organized-a-dharna-in-front-of-the-collectorate"
published_at: "2024-01-20T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab594abe9b6_1_dharna2.jpg"
keywords: []
---

# കലക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍

> **Lead Summary:** ** പേരാമ്പ്ര: **ജാനകി വയല്‍ നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കലക്‌ട്രേറ്റിനു മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി.

## Article Content

** പേരാമ്പ്ര: **ജാനകി വയല്‍ നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കലക്‌ട്രേറ്റിനു മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി.

കഴിഞ്ഞ 40 കൊല്ലത്തിലധികമായി 42 ഓളം കുടുംബങ്ങള്‍ പട്ടയമില്ലാതെ കഷ്ടതയനുഭവിച്ചു ജീവിക്കുകയാണ്. വി.കെ. കൃഷ്ണ മേനോന്റെ സഹോദരി ജാനകി അമ്മയുടെ മരണശേഷം അവകാശികളില്ലാതെ പുറമ്പോക്കായി മാറിയ ജാനകി വയല്‍ ഭൂമിയില്‍ കൈയേറിയും പണം കൊടുത്തും അരനൂറ്റാണ്ടു മുമ്പേ ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്നു.

ഇന്ന് 42 കുടുംബങ്ങള്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത് വെറും 3 ഏക്കറിനുതാഴെ ഭൂമിയിലാണ്. ഇവര്‍ക്ക് പട്ടയം കൊടുക്കണമെന്നാവശ്യപ്പെട്ട് 2011 ല്‍ മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ 2014 ല്‍ കൊയിലാണ്ടി താലൂക്ക് ഓഫീസര്‍ സ്‌കെച്ചും പ്ലാനും തയ്യാറാക്കി.

ആകെ പുറമ്പോക്കു ഭൂമിയായ 53.66 ഏക്കറില്‍ 30 ഓളം ഏക്കര്‍ ഭൂമിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി ഭൂമി കൂടി കണ്ടെത്തി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വര്‍ഷങ്ങളായി കൈവശം വെച്ച് കൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്കും അവരുടെ അധ്വാനമൂല്യം കണക്കിലെടുത്തു നിയമാനുസൃതമായ രീതിയില്‍ അവര്‍ക്കുരേഖകള്‍ നല്‍കണമെന്നു ധര്‍ണാ സമരസമിതി കലക്ടര്‍ക്ക് കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ജി. രാമനാരായണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍, ജന. സെക്രട്ടറി എന്‍.കെ. വത്സന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി.സി പ്രകാശ്, പി.സി സതീശ്, ഷാജന്‍ മാത്യു, കമല ജാനകി വയല്‍, കെ.ബി ജയാനന്ദ് എന്നിവര്‍ സംസാരിച്ചു.

എന്‍.പി. ബാലന്‍, രമണി ചാത്തോത്ത്, കക്കാടുമ്മല്‍ ഗോപാലന്‍, പി.കെ. ദിനേശ് കുമാര്‍, ഷര്‍മ്മിള വിജേഷ്, പി.സി. കുഞ്ഞിരാമന്‍, കെ. ശാന്ത എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178151/rjd-activists-organized-a-dharna-in-front-of-the-collectorate)