---
title: "മണ്ണപ്പം ചുട്ട് പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍"
english_title: "Mahila Congress workers protest making soilbread at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178212/mahila-congress-workers-protest-making-soilbread-at-muliyangal"
published_at: "2024-01-20T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab81198a85e_1_soilll.jpg"
keywords: []
---

# മണ്ണപ്പം ചുട്ട് പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

> **Lead Summary:**  **പേരാമ്പ്ര :** മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു എന്നാരോപിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ചു.

## Article Content

 **പേരാമ്പ്ര :** മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു എന്നാരോപിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ചു.

പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുളിയങ്ങല്‍ മാവേലി സ്റ്റോറിന് മുന്നിലാണ് വ്യത്യസ്തമായ സമരം നടത്തിയത്.

പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിന് മുന്നില്‍ നിരത്തിവെച്ച ഇലകളില്‍ ചിരട്ടയില്‍ മണ്ണ് കൊണ്ട് അപ്പം ചുട്ടാണ് പ്രതിഷേധിച്ചത്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ദേ ശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കിറ്റ് തരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ ഓണത്തിന് പോലും കിറ്റ് നല്‍കാതെ ജനങ്ങളെ കബളിപ്പിച്ചെന്നും കൊള്ള നടത്തിയാല്‍ മാത്രം പോര ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കണമെന്നും വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് വികസനം മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ മാത്രമാണ് നടക്കുന്നതെന്നും ഇത് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരമാണെന്നും അവര്‍ പറഞ്ഞു.

ബ്ലോക്ക് മഹിള കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  എം. സൈറാബാനു അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഗിരിജ ശശി, ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  കെ. മധുകൃഷ്ണന്‍, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  വി.വി. ദിനേശന്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രേഷ്മ പൊയിലില്‍, പി.വി. പത്മാവതി, ഇ.സി. മിനി, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന് ബ്ലോക്ക് മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ ഗീത കല്ലായ് സ്വാഗതവും സി.കെ. സുനിത നന്ദിയും പറഞ്ഞു. പ്രതിഷേധ സമരത്തിന് ശോഭന നരിച്ചാടക്കല്‍, മഞ്ജുഷ പേരാമ്പ്ര, ശ്യാമള ബാലകൃഷ്ണന്‍, കെ.കെ. സുവര്‍ണ്ണ, സുജാത വിശ്വന്‍, സീനത്ത് മജീദ്, എ. വത്സല, ഷിജി കല്ലൂര്‍, പത്മിനി കൂത്താളി, സുമതി ലാൽ, വി.കെ മിനി, സിന്ധു വിജയൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178212/mahila-congress-workers-protest-making-soilbread-at-muliyangal)