---
title: "പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേര്‍ റിമാന്റില്‍"
english_title: "10 people, including Atholi grama panchayat president, remanded in police station march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178992/10-people-including-atholi-grama-panchayat-president-remanded-in-police-station-march"
published_at: "2024-01-23T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afece0baac3_jail.1.909896.jpg"
keywords: []
---

# പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേര്‍ റിമാന്റില്‍

> **Lead Summary:** **പേരാമ്പ്ര : **അത്തോളി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡിലായി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയത്. ഇവരുടെ ജാമ്യപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

## Article Content

**പേരാമ്പ്ര : **അത്തോളി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡിലായി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയത്. ഇവരുടെ ജാമ്യപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ അത്തോളി എസ് ഐ ആര്‍ രാജീവിന് മുമ്പില്‍ പ്രതികള്‍ ഹാജരാവുകയായിരുന്നു. ഇവരെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ , ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്റ് സുനില്‍ കൊളക്കാട്, ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ് , അജിത്ത് കുമാര്‍ കരി മുണ്ടേരി , മോഹനന്‍ കവലയില്‍, അഡ്വ. സുധിന്‍ സുരേഷ്, സതീഷ് കന്നൂര്‍, നാസ് മാമ്പൊയില്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഈ കേസില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താരിഖ് അത്തോളി, ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ലിനീഷിന്റെ അറസ്റ്റും തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയുടെ മരണവും പോലീസിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ കെ പി സി സി സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ആഹ്വാനം ചെയ്തിരുന്നു.

അത്തോളി സ്റ്റേഷന്‍ മാര്‍ച്ചില്‍ കയര്‍ കെട്ടി പ്രതിരോധിക്കുന്നതിനിടെ പോലീസിന് പരിക്കേറ്റിരുന്നുവെന്ന പരാതിയിലാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ 12 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തക്കെതിരെ കേസെടുത്തത്. പോലീസില്‍ കീഴടങ്ങാനെത്തിയ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178992/10-people-including-atholi-grama-panchayat-president-remanded-in-police-station-march)