---
title: "പേരാമ്പ്ര ഡിഗ്‌നിറ്റി കോളജ് വൈജ്ഞാനികോത്സവം 'ഡിഗ്‌നിറ്റി ഫെസ്റ്റ് - 24' ഉദ്ഘാടനം "
english_title: "Inauguration of Perambra Dignity College Science Festival 'Dignity Fest - 24'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179693/inauguration-of-perambra-dignity-college-science-festival-dignity-fest-24"
published_at: "2024-01-26T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b37ba1720a2_1_digi.jpg"
keywords: []
---

# പേരാമ്പ്ര ഡിഗ്‌നിറ്റി കോളജ് വൈജ്ഞാനികോത്സവം 'ഡിഗ്‌നിറ്റി ഫെസ്റ്റ് - 24' ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഡിഗ്‌നിറ്റി കോളജിന്റെ വൈജ്ഞാനികോത്സവം 'ഡിഗ്‌നിറ്റി ഫെസ്റ്റ് - 24' എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഡിഗ്‌നിറ്റി കോളജിന്റെ വൈജ്ഞാനികോത്സവം 'ഡിഗ്‌നിറ്റി ഫെസ്റ്റ് - 24' എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പുതുതലമുറ +2 വിനു ശേഷം ഉപരിപഠനത്തിനായി കേരളം വിടുന്നത് എന്തുകൊണ്ട് എന്നത് വിശദമായി പഠിക്കാന്‍ വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെയും ഇന്ത്യയുടെയും ബൗദ്ധിക സമ്പത്ത് നഷ്ടമാകാതിരിക്കാന്‍ അടിയന്തിര ശ്രദ്ധ വേണം. പരമ്പരാഗത കോഴ്‌സുകള്‍ മാത്രം പുതിയ കാലത്ത് മതിയാവില്ല. മാറുന്ന കാലത്തിനനുസൃതമായ ന്യൂ ജനറേഷന്‍ കോഴ്‌സുകളും വേണ്ടി വരും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദാറുന്നുജൂം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ്  പ്രൊഫ. സി. ഉമര്‍ അധ്യക്ഷത വഹിച്ചു. ദാറുന്നുജൂം കോളജിനെ ഡിഗ്‌നിറ്റി കോളജ് ആയി പുനര്‍നാമകരണം ചെയ്തതായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചു.

കെ.ഇ.എന്‍. മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. മുഹമ്മദ് അസ്ലം, പി.ടി.എ. വൈസ് പ്രസിഡന്റ് വി.കെ. പ്രദീപന്‍, കോളജ് കമ്മിറ്റി പ്രസിഡന്റ്  പി.കെ. ഇബ്രാഹിം, കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

എ.കെ. അബ്ദുല്‍ അസീസ് സ്വാഗതവും ഷഹീദ് സി.കെ. നന്ദിയും പറഞ്ഞു. കോളജിന് പേര് നിര്‍ദേശിച്ച നീലിമാ ഇബ്രാഹിമിന് പ്രൊഫ സി. ഉമറും കാമിയ മാനേജ്‌മെന്റ് ഫെസ്റ്റിലെ വിജയികള്‍ക്ക് എ.കെ. കുഞ്ഞബ്ദുല്ലയും ഉപഹാരം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179693/inauguration-of-perambra-dignity-college-science-festival-dignity-fest-24)