---
title: "പേരാമ്പ്ര നഗരമധ്യത്തിൽ ലോഡ്ജിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു"
english_title: "The lodge's toilet flushes out in the center of Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180134/the-lodges-toilet-flushes-out-in-the-center-of-perambra-town"
published_at: "2024-01-28T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b60d814118e_1_KAKUS.jpg"
keywords: []
---

# പേരാമ്പ്ര നഗരമധ്യത്തിൽ ലോഡ്ജിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നുള്ള കക്കൂസ് മാലിന്യം ഓടയിലും സമീപത്തെ പറമ്പിലേക്കും ഒഴുക്കുന്നു. നഗര മധ്യത്തിൽ ചോനോളി റോഡിലെ ലോഡ്ജിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് പുറത്തേക്ക് ഒഴുകുന്നത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നുള്ള കക്കൂസ് മാലിന്യം ഓടയിലും സമീപത്തെ പറമ്പിലേക്കും ഒഴുക്കുന്നു. നഗര മധ്യത്തിൽ ചോനോളി റോഡിലെ ലോഡ്ജിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് പുറത്തേക്ക് ഒഴുകുന്നത്.

അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്ന ലോഡ്ജാണിത്. ദുർഗന്ധം വമിക്കുന്നതിനാൽ സമീപത്തെ കടകളിലെ വ്യാപാരികൾക്കും ഓട്ടോ ടാക്സി ഡ്രൈവർമാർക്കും കാൽ നടയാത്രക്കാർക്കും ദുസ്സഹമാവുന്നു. പല തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികളും ഡ്രൈവർമാരും പറഞ്ഞു.

ആരോഗ്യ വകുപ്പിനും ഗ്രാമപഞ്ചായത്തിനും പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിന്നീട് നടപടികളുണ്ടായില്ലെന്നും തുടർന്ന് എഴുപതോളം പേർ ഒപ്പിട്ട പരാതി നൽകിയതായും ഇവർ പറഞ്ഞു.

കാലത്തും വൈകിട്ടുമാണ് മാലിന്യം കൂടുതലായി പുറത്തേക്ക് ഒഴുകുന്നത്. ഈ സമയത്ത് ഈ ഭാഗത്ത് ആളുകൾക്ക് മൂക്ക് പൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. പരാതികൾ ഉയർന്നതോടെ ഓടക്ക് മുകളിലുള്ള ഇരുമ്പ് ഗ്രില്ലിന് മുകളിൽ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത് മൂടിയിട്ടുണ്ട്.

സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാലിന്യം ഒഴുകുന്നത് ഇപ്പോഴും തുടരുകയാണ്, ദുർഗന്ധവും. ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരുടെ ശക്തമായ സമരങ്ങൾക്ക് രൂപം നൽകാനുള്ള തീരുമാനത്തിലാണ് ഇവർ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180134/the-lodges-toilet-flushes-out-in-the-center-of-perambra-town)