---
title: "'സിന്‍ സിറ്റിയല്ല, കൊണ്ടാടാം ജീവിതം; കെ.വി കുഞ്ഞിരാമന്‍ "
english_title: "'It's not Sin City, it's life; KV Kunhiraman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182487/its-not-sin-city-its-life-kv-kunhiraman"
published_at: "2024-02-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2044fddfb0_1_vismayam.jpg"
keywords: []
---

# 'സിന്‍ സിറ്റിയല്ല, കൊണ്ടാടാം ജീവിതം; കെ.വി കുഞ്ഞിരാമന്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **അംബരചുംബികളായ കൂറ്റന്‍ കാസിനോകള്‍ കണ്ണുചിമ്മാതെ കളിച്ചുമദിക്കുന്ന നഗരമാണ് ലാസ് വേഗാസ്. ലോകത്തിലെ എല്ലാ ഇനം ചൂതാട്ടങ്ങളും നിയമപരമായി അംഗീകരിച്ച്, സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മെഗാ സ്ട്രിപ്പ്... സദാ ഉല്ലാസ സംഗീതമഴയില്‍ കുളിച്ചാറാടുന്ന പട്ടണക്കവലകള്‍... വഞ്ചിയാത്രാ തടാകം വരെയുള്ള വമ്പന്‍ റസ്റ്റാറണ്ടുകള്‍ ...പണം കൊയ്യാനും സുഖം നുകരാനും കൊതിച്ച് പറന്നെത്തുന്ന പതിനായിരങ്ങളുടെ പറുദീസ.

## Article Content

**‍ പേരാമ്പ്ര: **അംബരചുംബികളായ കൂറ്റന്‍ കാസിനോകള്‍ കണ്ണുചിമ്മാതെ കളിച്ചുമദിക്കുന്ന നഗരമാണ് ലാസ് വേഗാസ്. ലോകത്തിലെ എല്ലാ ഇനം ചൂതാട്ടങ്ങളും നിയമപരമായി അംഗീകരിച്ച്, സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മെഗാ സ്ട്രിപ്പ്... സദാ ഉല്ലാസ സംഗീതമഴയില്‍ കുളിച്ചാറാടുന്ന പട്ടണക്കവലകള്‍... വഞ്ചിയാത്രാ തടാകം വരെയുള്ള വമ്പന്‍ റസ്റ്റാറണ്ടുകള്‍ ...പണം കൊയ്യാനും സുഖം നുകരാനും കൊതിച്ച് പറന്നെത്തുന്ന പതിനായിരങ്ങളുടെ പറുദീസ.

' എന്റര്‍ടൈന്‍മെന്റ് സിറ്റി'കളുടെ വിശ്വതലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന വേഗാസ് ഏവരെയും വേറിട്ട ലഹരികളില്‍ മുക്കും. കാസിനോകളും ഷോഗേള്‍സ് തിയേറ്ററുകളും ഏറെയുള്ള വേഗാസ് ഏതാനും വര്‍ഷം മുമ്പുവരെ കുറ്റകൃത്യങ്ങളിലും മുന്‍നിരയിലായിരുന്നു. എന്നാല്‍ 'സിന്‍ സിറ്റി' എന്ന ദുഷ്‌പേരില്‍നിന്ന് മുക്തമായി ഇന്ന് എല്ലാ തരം വിനോദപ്രിയര്‍ക്കും ഇഷ്ടനഗരമായി മാറിയിരിക്കുന്നു.

ശബ്ദ- വെളിച്ച - ദൃശ്യ വിന്യാസത്തില്‍ വിസ്മയം വിതറുന്ന 'സ്ഫിയര്‍' ഷോ , നഗരക്കാഴ്ചക്കുള്ള ഹൈ റൈഡ് സംവിധാനം, സ്ഥിരം വ്യാപാര- വ്യവസായ പ്രദര്‍ശനം , മോഹിപ്പിക്കുന്ന ഉദ്യാനങ്ങള്‍ എന്നിവ സ്വതവേയുള്ള പച്ചപ്പിന്റെ പൊലിമയ്ക്ക് മാറ്റുകൂട്ടുന്നു. വേഗാസ് എന്ന സ്പാനിഷ് പദത്തിന് പുല്‍മേട് എന്നാണര്‍ത്ഥം.

മങ്ങാത്ത ഹരിതകാന്തിയില്‍ തിളങ്ങുന്ന പട്ടണം എന്ന് പര്യായം. ഏതു നേരത്തും ആണ്‍-പെണ്‍ ഭേദമില്ലാതെ പല ദേശക്കാരായ സന്ദര്‍ശകര്‍ നിറഞ്ഞൊഴുകുന്ന സജീവത. പാട്ടും നൃത്തവും വേഷം കെട്ടിയാടലുമായി ഉച്ചമുതല്‍ ഉഷാറാവുന്ന പാതയോരങ്ങള്‍. ഉറങ്ങാന്‍ മടിക്കുന്ന രാവുകളാണിവിടെ ശൈത്യകാലത്തുപോലും . കാസിനോകള്‍ അടക്കാറേയില്ല.

നൂറുകണക്കിനാളുകള്‍ മാറിമാറി ഓരോയിടത്തും സദാ സമയവും കളിക്കാനുണ്ടാകും. കുടിക്കാനും കഴിക്കാനും വേണ്ടതെന്തും ഇരിക്കുന്നിടത്ത് ലഭിക്കും. കേരളീയ ഗ്രാമങ്ങളില്‍ പണ്ട് ഉത്സവപ്പറമ്പുകളില്‍ കാണുമായിരുന്ന മുച്ചീട്ടു വലി , അകത്തും പുറത്തും, ചട്ടികളി, കുലുക്കിക്കുത്ത്, ആന മയില്‍ ഒട്ട കം തുടങ്ങിയ എല്ലാ പണംവെച്ചു കളികളുടെയും വരെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഇവിടെയുണ്ട്.

കംപ്യൂട്ടര്‍ - ഡിജിറ്റല്‍ സജ്ജീകരണത്തിലേക്ക് മാറ്റിയെന്നേയുള്ളൂ. എത്ര സെന്റും ഡോളറും ഇറക്കി കളിക്കാം. നേടിയാലും നഷ്ടപ്പെട്ടാലും അന്നേരം ഡിജിറ്റല്‍ രശീത് കിട്ടും. ബാക്കി ഇങ്ങോട്ടാണെങ്കില്‍ അത് കൗണ്ടറില്‍ കൊടുത്താല്‍ പണം റൊക്കം വാങ്ങാം. അതേ അവസരത്തില്‍, ധാരാളിത്തത്തിനിടയിലെ ദാരിദ്ര്യവും തെരുവോരത്തുതന്നെ പ്രകടമാണ്.

ഉപജീവനത്തിന് കായികാഭ്യാസങ്ങള്‍ അവതരിപ്പിക്കുന്ന കൊച്ചുകുട്ടികള്‍, മുക്കാല്‍ പങ്കും നഗ്‌നമേനിയോടെ വേഷവൈവിധ്യം പ്രദര്‍ശിപ്പിച്ച് ടിപ് സ്വീകരിക്കുന്ന യുവതികള്‍, സ്വരഭംഗി മാത്രം കൈമുതലായുള്ള ഗായകര്‍ മുതലായവര്‍ക്ക് കുറവില്ല.

അമേരിക്കന്‍ വന്‍കര പൊതുവെ തണുപ്പിന്റെ പിടിയിലമരുന്ന മാസങ്ങളാണ് നവംബര്‍ മുതല്‍ ഏപ്രില്‍ വരെ. എന്നാല്‍, ലാസ് വേഗാസില്‍ ഏറെക്കുറെ മിതശീതോഷ്ണനിലയാണ് വിന്റര്‍ സീസണിലും. അതുകൊണ്ടുതന്നെ അന്യരാജ്യക്കാര്‍ മാത്രമല്ല, നെവാഡക്ക് പുറത്തുള്ള സംസ്ഥാനക്കാരും ഇങ്ങോട്ട് കൂട്ടംകൂട്ടമായി എത്തുന്നു.

യു എസ് എയിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രമായ ഹുവര്‍ ഡാം വേഗാസ് നഗരത്തിനടുത്താണ്. 1930 കളുടെ ആദ്യത്തിലാണ് അണക്കെട്ട് പണിതത്. ഫെഡറല്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൂവര്‍ നേരിട്ടിടപെട്ട് പ്രത്യേക ശുഷ്‌കാന്തിയോടെ പ്രവൃത്തി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുകയായിരുന്നു. ചെങ്കല്‍മടകള്‍ വെട്ടിയൊതുക്കിയാണ് ഇവിടെ എര്‍ത്ത് ഡാം നിര്‍മിച്ചത്.

കഠിനയത്‌നം വേണ്ടിവന്ന ആ പണിക്ക് അന്ന് ആളുകളെ കിട്ടാന്‍ കടുത്ത പ്രയാസമായിരുന്നു. ലാസ് വേഗാസ് നഗരത്തിലെ കാസിനോകള്‍ക്കും ഷോഗേള്‍സ് ക്ലബ്ബുകള്‍ക്കും വലിയ പ്രചാരം നല്‍കിയായിരുന്നത്രെ തൊഴിലാളികളെ തേടി കൊണ്ടുവന്നത്. ഇന്നാകട്ടെ, എം എസ് ജി സ്ഫിയര്‍ ഓഡിറ്റോറിയം ഉള്‍പ്പെടെ ഒട്ടേറെ അനന്യ സവിശേഷതകള്‍ ഉണ്ടിവിടെ. 18,600 പേര്‍ക്ക് സീറ്റുകള്‍ സജ്ജീകരിച്ച ഗോളാകൃതിയിലുള്ള തിയറ്ററാണിത്.

പല തട്ടുകളിലായി നല്ല സുരക്ഷയുള്ള പ്രവേശന കവാടങ്ങളുണ്ട്. 270 ഡിഗ്രി ദൃശ്യാനുഭവം പകരുന്ന സാങ്കേതികത്തികവും 1,60,000 ചതുരശ്ര അടി വിസ്തൃതിയുമുള്ള സ്‌ക്രീന്‍ മറ്റൊരിടത്തുമില്ല. 2023 സെപ്തംബര്‍ 29 നായിരുന്നു ഉദ്ഘാടന ഷോ. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ കമ്പനിയാണ് ഇത് സ്ഥാപിച്ചത് - 2. 3 ബില്യന്‍ ഡോളര്‍ മുതല്‍മുടക്കില്‍. ഇതിലിരുന്ന് സിനിമ കാണല്‍ തികച്ചും പുതുമയുള്ള ഒരനുഭവമാണ്.

'പോസ്റ്റ് കാര്‍ഡ് ഫ്രം എര്‍ത്ത്' എന്ന മികച്ച സാമൂഹിക മൂല്യമുള്ള ഡോക്യുമെന്ററി ഫിലിമാണ് ഞങ്ങള്‍ അതിവിശാലമായ ഗോള തിയേറ്ററിലിരുന്ന് ആസ്വദിച്ചത്. ജീവജാലങ്ങളുടെ ഇന്നലെകളും മനുഷ്യന്റെ അതിജീവനവുമാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്. ഫോര്‍-ഡി ഇഫക്ടുള്ള ഈ ചലച്ചിത്രം അസാമാന്യ വലുപ്പമുള്ള ഇത്തരം സ്‌ക്രീനിനു യോജിച്ച വിധത്തില്‍ നിര്‍മിച്ചതാണ്.

പ്രഗത്ഭ അമേരിക്കന്‍ ഫിലിം ഡയറക്ടറായ ഡാറെന്‍ അറോനോഫ് സ്‌കിയാണ് സംവിധാനം ചെയ്തത്. യുവതാരങ്ങളായ ബ്രാന്‍ഡോന്‍ സന്താനയും സയ റിബെയ്‌റോയുമാണ് മുഖ്യ അഭിനേതാക്കള്‍. 2023 ല്‍ റിലീസായ ഈ ഫിലിം പല നിലയ്ക്കും ഏറെ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ്. അതിലെ ഓരോ ദൃശ്യഗൗരവവും മുഴക്കവും മനസ്സിലുണ്ട് മായാതെ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182487/its-not-sin-city-its-life-kv-kunhiraman)