---
title: "ഇന്ന് ദേശീയ വിരവിമുക്ത ദിനാചരണം "
english_title: "Today is National Deworming Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182945/today-is-national-deworming-day"
published_at: "2024-02-08T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c496d605cec_1_VIRA.JPG"
keywords: []
---

# ഇന്ന് ദേശീയ വിരവിമുക്ത ദിനാചരണം 

> **Lead Summary:** പേരാമ്പ്ര: 1 മുതല്‍ 19 വയസ്സ് പരിധിയിലുള്ള എല്ലാവരും വിര ഗുളിക കഴിക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന് നടത്തും.

## Article Content

പേരാമ്പ്ര: 1 മുതല്‍ 19 വയസ്സ് പരിധിയിലുള്ള എല്ലാവരും വിര ഗുളിക കഴിക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന് നടത്തും.

ദിനാചരണത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസ്സ് വരെയുള്ള ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും വിരവിമുക്ത ഗുളികയായ ആല്‍ബന്‍ഡസോള്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ വഴി സൗജന്യമായി വിതരണം ചെയ്യും.

ഈ പ്രായപരിധിയിലുള്ള എല്ലാവരും ഗുളികകള്‍ കഴിക്കേണ്ടതും മാതാപിതാക്കള്‍ അത് ഉറപ്പുവരുത്തേണ്ടതുമാണ്. ഏതെങ്കിലും കാരണത്താല്‍ ഇന്ന് ഗുളിക കഴിക്കാതെ വരുന്നവര്‍ക്ക് ഫെബ്രുവരി 15 ന് മോപ്പപ് റൗണ്ടിലൂടെ കഴിക്കാം.

വിരബാധ മൂലം കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച കുട്ടികളെ സാരമായി ബാധിക്കും, കുട്ടികള്‍ ക്ഷീണിതരായി കാണപ്പെടും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരും.

ഒന്ന് മുതല്‍ രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 mg) രണ്ട് മുതല്‍ 19 വരെയുള്ളവര്‍ക്ക് ഒരു ഗുളികയുമാണ് (400 mg) നല്‍കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ വഴി ഗുളിക വിതരണം ചെയ്യും. ജില്ലയില്‍ ഏഴര ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് വിര ഗുളിക നല്‍കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182945/today-is-national-deworming-day)