---
title: "നൊച്ചാട് രാമല്ലൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പത്ത് വയസുകാരന് പരുക്ക് "
english_title: "Ten-year-old boy stabbed by wild boar in Nochchad Ramalloor perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18442/ten-year-old-boy-stabbed-by-wild-boar-in-nochchad-ramalloor-perambra"
published_at: "2021-12-30T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cda1eb149b8_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് രാമല്ലൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പത്ത് വയസുകാരന് പരുക്ക് 

> **Lead Summary:** ** പേരാമ്പ്ര : **നൊച്ചാട് രാമല്ലൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പത്ത് വയസുകാരന് പരുക്കേറ്റു. കല്പത്തൂര്‍ വായനാശാല എല്‍പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയും പൊലീസ് ഓഫീസര്‍മാരായ നെല്ലിയുള്ള പറമ്പില്‍ ബിജു അമൃത ദമ്പതികളുടെ മകനുമായ ആദിദേവിനാണ് പരുക്കേറ്റത്.

## Article Content

** പേരാമ്പ്ര : **നൊച്ചാട് രാമല്ലൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പത്ത് വയസുകാരന് പരുക്കേറ്റു. കല്പത്തൂര്‍ വായനാശാല എല്‍പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയും പൊലീസ് ഓഫീസര്‍മാരായ നെല്ലിയുള്ള പറമ്പില്‍ ബിജു അമൃത ദമ്പതികളുടെ മകനുമായ ആദിദേവിനാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒറ്റയാന്‍ പന്നിയുടെ ആക്രമണത്തില്‍ രണ്ട് ഭാഗത്തെ പൃഷ്ഠത്തിനും ആഴത്തില്‍ മുറിവേറ്റ കുട്ടിയെ തിവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു.

ഇന്നലെ കാലത്ത് 11.30 ഓടെ കുട്ടികള്‍ വീടിന് സമീപത്ത് കളിക്കുന്നതിനിടയില്‍ കാട്ടുപന്നി ഓടിയെത്തി കുട്ടിയെ അക്രമിക്കുകയായിരുന്നു. മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കളിക്കുന്നിടത്തേക്കാണ് പന്നി എത്തിയത്.

പിഞ്ചു കുട്ടി എടുത്ത് ആദിദേവിന്റെ ജേഷ്ഠന്‍ അജയ് ദേവും മറ്റ് കുട്ടികളും ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയില്‍ വോളീബോള്‍ കോര്‍ട്ടിന് ചുറ്റും സ്ഥാപിച്ച വലയില്‍ ആദിദേവ് കുടുങ്ങുകയും പന്നിയുടെ അക്രമണത്തിന് ഇരയാവുകയുമായിരുന്നു.

കുട്ടിക്ക് പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കി. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18442/ten-year-old-boy-stabbed-by-wild-boar-in-nochchad-ramalloor-perambra)